Press Club Vartha

സാക്ഷരതാ മിഷൻ ചങ്ങാതി പദ്ധതി; അതിഥി തൊഴിലാളികളുടെ സർവേ തുടങ്ങി

തിരുവനന്തപുരം: സാക്ഷരതാ മിഷൻ നേതൃത്വത്തിൽ കോർപ്പറേഷൻ ശ്രീകാര്യം ഡിവിഷനിൽ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സർവേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി.

പെരുമ്പാവൂർ നഗരസഭയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത്. പിന്നീട് എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തുകളിൽ പദ്ധതി ആരംഭിച്ചു. ഈ വർഷം ശ്രീകാര്യം ഡിവിഷനിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി നടത്തുന്ന സർവേയുടെ ഉദ്ഘാടനം കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് നിർവ്വഹിച്ചു. അഞ്ച് ടീമുകളായി 25 ന് മേൽ വോളൻ്റിയേഴ്സാണ് സർവേ നടത്തുക.

സർവേ ക്രോഡീകരണത്തിന് ശേഷം പഠന കേന്ദ്രങ്ങൾ നിശ്ചയിക്കും. ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകിയതിന് ശേഷം ക്ലാസുകൾ ആരംഭിക്കുമെന്ന് കൗൺസിലർ പറഞ്ഞു. ഹമാരി മലയാളം എന്ന പാഠപുസ്തകമാണ് ക്ലാസുകൾക്ക് ഉപയോഗിക്കുക. മൂന്ന് മാസമാണ് പഠനകാലയളവ്.

സർവേ ഉദ്ഘാടന ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ്, ലീല എന്റർപ്രൈസസ് ഓണർ അനിൽകുമാർ, സുനിൽകുമാർ, അരുൺ കുമാർ എം എസ്, ജിതിൻ സി ആർ, തങ്കമണി എസ് ആർ, ധന്യ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച സർവേ അവസാനിക്കും.

Share This Post
Exit mobile version