-സൗമ്യ സാജിദ് –
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്നു. നിയന്ത്രണ നടപടികൾ എന്തെന്നറിയാതെ പകച്ചുനിൽക്കുന്ന ഭരണകൂടം. രണ്ടു മാസങ്ങൾക്കിടെ കാട്ടാന കവർന്നെടുത്തത് എട്ട് മനുഷ്യ ജീവനുകൾ! ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ഒരു പാവപ്പെട്ട കർഷകനെ കുത്തിക്കൊലപ്പെടുത്തി. പുലി, കാട്ടുപന്നി, വാനരന്മാർ എന്നിവരുടെ വിഹാരം വരുത്തുന്ന നാശനഷ്ടങ്ങൾവേറെ.
സ്വതവേ വറുതിയിലാണ്ട കർഷകനെ തീരാ ദുഃഖത്തിലേക്ക് തള്ളിവിടുന്ന വന്യമൃഗ ആക്രമണത്തിന്റെ യഥാർത്ഥ കാരണം എന്തായിരിക്കും? ഉഗ്രവേനലിന്റെ അതിതീഷ്ണമായ കൊടും ചൂടിൽ ദാഹജലത്തിനായുള്ള നെട്ടോട്ടം ആണോ മിണ്ടാപ്രാണികളെ അപകടകാരികൾ ആക്കുന്നത്?
ആഫ്രിക്കയിലെ ക്രുഗർ വനാന്തരം. കൊടുംചൂടിൽ ശുഷ്കിച്ച കറുത്ത കാട്. ഇലകൾ പൊഴിച്ച്, ഉണങ്ങിയ ശിഖരങ്ങളും ആയി നിലകൊള്ളുന്ന വൻ വൃക്ഷങ്ങൾ. ഹരിതാഭ ഇല്ലാത്ത, പുൽനാമ്പുകൾ മുളക്കാത്ത,വറ്റി വരണ്ട ഭൂമി. അപൂർവമായി കാണുന്ന ചെറിയ കുളത്തിന് ചുറ്റും ഒരു നേർത്ത പച്ചപ്പ്. അവിടെ ദാഹശമനത്തിനായി വന്നെത്തുന്ന മാൻകൂട്ടങ്ങളും,സീബ്ര കൂട്ടങ്ങളും ജിറാഫും.
മഴമേഘങ്ങളെ കാത്തിരിക്കുന്ന വരണ്ട മണ്ണ്. വൻ വട വൃക്ഷങ്ങളെ പിഴുത് മാറ്റി വേരുകളിൽ ഊറിയിരിക്കുന്ന പോഷണം ഊറ്റി കുടിക്കുന്ന കാട്ടാനക്കൂട്ടം. ഇവയ്ക്കിടെ മതിൽക്കെട്ടുകൾ ഇല്ലാതെ മുൾവേലികളുടെ അതിരുകളില്ലാതെ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് റിസോർട്ടുകൾ. ഭീതി ഏതുമില്ലാതെ വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കൂടാരങ്ങളിൽ അന്തിയുറങ്ങുന്ന സഞ്ചാരികൾ. ഇവരെ വന്യമൃഗം ആക്രമിക്കാത്തത് എന്തുകൊണ്ട്?
പരിസ്ഥിതിയെ പഠിച്ച് പ്രവർത്തികമാക്കുന്ന ഒട്ടേറെ കാരണങ്ങളായിരിക്കാം അതിനു പിന്നിൽ. അതിൽ നേരിട്ട് കണ്ട് അനുഭവിച്ച ഒരു ലളിതമായ പരിഹാര മാർഗം ഇവിടെ കുറിക്കുന്നു.കൊടുംകാട്ടിന് നടുവിലുള്ള ഉയർന്ന പ്രദേശത്ത് മനുഷ്യനിർമ്മിത വാട്ടർ ടാങ്കുകൾ സജികരിച്ചിരിക്കുന്നു. അതിൽ ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്ന ദാഹജലം. പക്ഷികൾ വാനരന്മാർ, അണ്ണാൻ തുടങ്ങിയ ചെറു ജീവികൾ തൊട്ട് വലിയ കാട്ടാന കൂട്ടങ്ങൾ വരെ കൂട്ടംകൂട്ടമായി ഈ ജലസ്രോതസ്സ് അന്വേഷിച്ച് ഇവിടെയെത്തുന്നു. സുഭിക്ഷമായി വെള്ളം കുടിച്ച് ശരീരം തണുപ്പിച്ച് കാട് കയറുന്നു. ഈ രീതി നമുക്കും ഒന്ന് പരീക്ഷിക്കാവുന്നതല്ലേ?
അതിനായി വന്യജീവി സംരക്ഷണം നിയമത്തിൽ മനുഷ്യത്വരഹിതമായ നിയമങ്ങൾ നടപ്പിലാക്കേണ്ടതുണ്ടോ? വന്യമൃഗങ്ങളെ കൊന്നെടുക്കാനുള്ള നിയമ ഭേദഗതി സ്വീകരിക്കും മുന്നേ ഈ രീതി ഒന്ന് പരിഗണിക്കുന്നത് നന്നായിരിക്കും. കൃത്രിമ ജലാശയങ്ങളും ജലശേഖരങ്ങളും നിർമ്മിക്കുന്നതിനായി ഒരു സംഖ്യ മാറ്റിവയ്ക്കാൻ ആയാൽ അത് പരിസ്ഥിതിയോട് ചെയ്യുന്ന നീതിയായിരിക്കും.
രാഷ്ട്രീയത്തേക്കാൾ ഏറെ മതത്തേക്കാൾ ഏറെ സാംസ്കാരിക ഘോഷങ്ങളെക്കാൾ ഏറെ ജീവന്റെ നിലനിൽപ്പ് സംരക്ഷിക്കുക എന്നത് ആവണം പൊതുബോധം.കൃത്രിമ ബുദ്ധിയുടെ കുതിപ്പിൽ സാങ്കേതികതയുടെ പടവുകൾ കയറി ഉലകം കീഴടക്കാൻ വെമ്പുന്ന മനുഷ്യൻ തന്റെ ഉല്പത്തിയെ കുറിച്ച് ഓർക്കുന്നത് നന്ന്