Press Club Vartha

ചരിത്രം സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതി 2.0 ; തുടർച്ചയായ രണ്ടാം വർഷം ഒരു ലക്ഷം സംരംഭങ്ങൾ

തിരുവനന്തപുരം: ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ സംരംഭക വർഷം പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കി കേരളം. സംരംഭക വർഷം 2 പദ്ധതിയിലൂടെ മാത്രം കഴിഞ്ഞ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും സൃഷ്ടിക്കപ്പെട്ടു. സംരംഭക വർഷമെന്ന മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപമെത്തിച്ചേരുകയും 5,09,935 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

പുതിയ സംരംഭങ്ങളിൽ 9939  പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭങ്ങളാണ്. എസ്ടി വിഭാഗത്തിൽ നിന്നുള്ള സംരംഭങ്ങളുടെ എണ്ണം  775 ആണ്. ന്യൂനപക്ഷ വിഭാഗം 19,154, ഒബിസി- 1,41,493, ട്രാൻസ്‌ജെൻഡർ- 26 എന്നിങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം. ഈ കാലയളവിനുള്ളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലയിൽ 20,000ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിൽ അൻപതിനായിരത്തിലധികമാളുകൾക്കും തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാൽപതിനായിരത്തിലധികമാളുകൾക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. 76377 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രണ്ട് വർഷങ്ങളിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ഉണ്ടായത് എറണാകുളം ജില്ലയിലാണ്, 24,456. തിരുവനന്തപുരം (24,257), തൃശൂർ (23,700) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ജില്ലകൾ. കൂടാതെ വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലും മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

സംരംഭങ്ങളുടെ വളർച്ചയ്ക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നൂതനമായ കൂടുതൽ പദ്ധതികളും സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.. കേരളത്തിലെ എം.എസ്.എം.ഇകളിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി  വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ട് വരാനുള്ള എം.എസ്.എം.ഇ സ്‌കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച എം എസ് എം ഇ സുസ്ഥിരതാ മിഷൻ, സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീഇംബേഴ്‌സ്മെന്റായി നൽകുന്ന എം എസ് എം ഇ ഇൻഷുറൻസ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾ മെയ്ക് ഇൻ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ട് വിഭാവനം ചെയ്തിരിക്കുന്ന ഇൻഡസ്ട്രീസ് അവാർഡ്‌സ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പദ്ധതി മികച്ച വിജയം നേടിയതോടെയാണ് 2023-24 സാമ്പത്തിക വർഷത്തിലും പദ്ധതി തുടരാൻ തീരുമാനിച്ചത്. സംരംഭക വർഷം പദ്ധതിയിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾക്കായി എല്ലാ പഞ്ചായത്തുകളിലും ഇന്റേണുകളെ നിയമിക്കുകയും ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുകയും എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ രൂപീകരിക്കുകയും ചെയ്തു. നാല് ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചു. ഇങ്ങനെ സംരംഭകർക്ക് നൽകിയ പിന്തുണയിലൂടെ എം.എസ്.എം.ഇ മേഖലയിൽ അടച്ചുപൂട്ടിയേക്കുമായിരുന്ന 15 ശതമാനം സംരംഭങ്ങളെ സംരംക്ഷിക്കാൻ സാധിച്ചു. ഒരു വർഷം 100 എം എസ് എം ഇ ആരംഭിക്കുന്നതിൽ അടച്ചുപൂട്ടുന്ന സംരംഭങ്ങളുടെ ദേശീയ ശരാശരി 30 ശതമാനം ആണെങ്കിൽ കേരളത്തിൽ 15 ശതമാനമാക്കി കുറക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version