Press Club Vartha

അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞത്ത് അനന്തുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്നും മന്ത്രി വ്യക്തമാക്കി. ബി ഡി എസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടത്.

സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും. ഒരു കുട്ടിയുടെ കാലു മുറിക്കുന്ന സംഭവം അടക്കം ഇത്തരത്തിൽ നിരവധി വിഷയങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാൻ ആകില്ലെന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും എന്നാൽ ഇക്കാര്യത്തിൽ ജനങ്ങളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉയർന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഇന്നലെയാണ് വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അനന്ദു മരിച്ചത്. നിംസ് കോളേജിലെ നാലാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്നു. വിഴിഞ്ഞം മുക്കോല ജംഗ്ഷനിൽ വച്ചായിരുന്നു അപകടം നടന്നത്.

വിഴിഞ്ഞം തുറമുഖ പോർട്ടിലേക്ക് ലോഡുമായി വന്ന ലോറിയിൽ നിന്നാണ് കല്ല് വീണത്. സ്കൂട്ടറിൽ പോവുകയായിരുന്നു  അനന്തുവിന്റെ ശരീരത്തിലേക്ക് കല്ല് തെറിച്ചു വീഴുകയായിരുന്നു. കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Share This Post
Exit mobile version