Press Club Vartha

മുണ്ടയ്ക്കല്‍ പുവര്‍ ഹോമിന് യൂസഫലിയുടെ റംസാന്‍ സമ്മാനം

കൊല്ലം : എട്ടാം വര്‍ഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടയ്ക്കല്‍ പുവര്‍ഹോമിന് എം.എ യൂസഫലിയുടെ കാരുണ്യസ്പര്‍ശം. പുവര്‍ ഹോമിലെ അമ്മമാര്‍ക്കും മറ്റ് അന്തേവാസികള്‍ക്കും റംസാന്‍ സമ്മാനമായി 25 ലക്ഷം രൂപയുടെ ധനസഹായം യൂസഫലി കൈമാറി.

പുവര്‍ഹോമില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം ആകെ 105 അന്തേവാസികളാണുള്ളത്. എല്ലാവരുടെയും ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, പുതിയ കിടക്കകള്‍, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനുമായാണ് എട്ടാം വര്‍ഷവും മുടക്കമില്ലാതെ യൂസഫലി സഹായമെത്തിച്ചത്. ഇതുവരെ 2 കോടി രൂപയുടെ ധനസഹായം യൂസഫലി പുവര്‍ഹോമിന് കൈമാറി. എം എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ പുവര്‍ ഹോം സെക്രട്ടറി ഡോ.ഡി.ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡിഡി കൈമാറിയത്. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ലുലു ഗ്രൂപ്പ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍, തിരുവനന്തപുരം ലുലു മാള്‍ മീഡിയ കോര്‍ഡിനേറ്റര്‍ മിഥുന്‍ സുരേന്ദ്രൻ, പുവര്‍ഹോം മാനേജിംഗ് കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജയന്‍, ഡിവിഷന്‍ കൗണ്‍സിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സജീവ് സോമൻ, പുവര്‍ ഹോം സൂപ്രണ്ട് കെ. വല്‍സലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മുണ്ടയ്ക്കല്‍ പുവര്‍ ഹോമിന്‍റെ ശോചനീയാവസ്ഥ മാധ്യമങ്ങള്‍ വഴി അറിയാനിടയായതിന് പിന്നാലെയാണ് 2017ല്‍ എം എ യൂസഫലി 25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം നല്‍കുന്നത്. കോവിഡ് പ്രതിസന്ധിഘട്ടത്തിലടക്കം ഇത് പുവര്‍ഹോമിന് വലിയ ആശ്വാസമാവുകയും ചെയ്തു.

 

Share This Post
Exit mobile version