കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്നനാണ് രാവിലെ വന്ന വാർത്ത. എന്നാൽ ബ്രിഡ്‌ജ് തകർന്നിട്ടില്ലെന്നാണ് ഡിടിപിസിയുടെ വിശദീകരണം. കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസി പറയുന്നത്.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. നേരത്തെയും സമാനമായി പല സ്ഥലങ്ങളിലും ഫ്ലോട്ടിങ് ബ്രിഡ്‌ജുകൾ തകർന്നിരുന്നു. പലർക്കും പരിക്കേറ്റിരുന്നു. എന്നാൽ മുഴപ്പിലങ്ങാട് ബീച്ചിൽ കടലാക്രമണ സാധ്യത ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല.
അതെ സമയം ഇന്നലെ ബീച്ചിൽ ശക്തമായ കടലാക്രമണം ഉണ്ടായിരുന്നുവെന്നും ശക്തമായ തിരയിൽ പെട്ട് ബ്രിഡ്ജിന്റെ പല ഭാഗങ്ങളും തകർന്നുവെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.