Press Club Vartha

ധീരോദാത്തം ഏപ്രിൽ 13 മുതൽ കഴക്കൂട്ടത്ത്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ധീരോദാത്തം സംഘടിപ്പിക്കുന്നു. 8 ദിവസങ്ങളായി നീണ്ടു നിൽക്കുന്ന ധീരോദാത്തത്തിൽ വിവിധ പരിപാടികളാണ് അരങ്ങേറുക. കഴക്കൂട്ടം അമ്മൻകോവിൽ കമ്മ്യൂണിറ്റി ഹാളിൽ ഏപ്രിൽ 13 നു തുടങ്ങുന്ന പരിപാടി മെയ് 26, ജൂൺ 8, ജൂലായ് 13, ആഗസ്റ്റ് 10, സെപ്റ്റംബർ 8, ഒക്ടോബർ 19, 20 എന്നീ ദിവസങ്ങളിൽ നടക്കും.

കഴക്കൂട്ടം എന്ന നഗരത്തെ കലാകേരളത്തിന്റെ സാംസ്‌കാരികഭൂമികയിൽ അടയാളപ്പെടുത്തുവാനുള്ള ശ്രമമാണ് ധീരോദാത്തം. കഥകളിവേഷം അധ്യാപകനും മുൻനിര കഥകളി നടനും അർജ്ജുന സൊസൈറ്റി ഓഫ് ക്ലാസ്സിക്കൽ ആർട്സ് എന്ന കലാപരിശീലന കേന്ദ്രത്തിന്റെ സ്ഥാപകനുമായ കലാമണ്ഡലം ബാലസുബ്രമണ്യന്റെ സംഭാവനകളെ രേഖപ്പെടുത്താനായിട്ടാണ് ഇത്തരത്തിൽ ഒരു കഥകളി മേള സംഘടിപ്പിക്കുന്നത്.

എല്ലാ ദിവസവും പ്രമുഖരായ കലാകാരന്മാരും , കഥകളി പണ്ഡിതരും പങ്കെടുക്കുന്ന കഥകളി സംബന്ധമായ ചർച്ചകൾ , അതാത് ദിവസം അവതരിപ്പിക്കുന്ന കഥകളിയുടെ വിശദമായ പരിചയപ്പെടുത്തലും ചൊല്ലിയാട്ടവും തുടങ്ങി കഥകളി ആസ്വാദനത്തിനു ഉപകരിക്കുന്ന അനുബന്ധ പരിപാടികൾ കൂടി ഇതോടനുബന്ധിച്ച്‌ ആസൂത്രണം ചെയ്തിട്ടുണ്ട്.

വിപുലമായി മേള നടത്തുന്നതിനായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ചെയർമാനായ സംഘാടക സമിതിയും രൂപികരിച്ചു. വി കെ പ്രശാന്ത് എം എൽ എ, വി ശശി എം എൽ എ, കെ പ്രേംകുമാർ എം എൽ എ, മുൻ എം എൽ എ എം എ വാഹിദ് തുടങ്ങിയവർ മുഖ്യരക്ഷാധികാരികളാണ്. ഇവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്.

Share This Post
Exit mobile version