Press Club Vartha

വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. വമ്പൻ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. ന്യായ് പത്ര എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയവർ ചേർന്നാണ് 25 ഗ്യാരന്റികളുള്ള പ്രകടനപത്രിക അവതരിപ്പിച്ചത്.

പാവപ്പെട്ടവർക്കായി മഹാലക്ഷ്മി പദ്ധതിയാണ് പ്രധാനപ്പെട്ട ഒരു ഗ്യാരന്റി. കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി. അതുപോലെ തൊഴിലില്ലായ്മ പരിഹരിക്കും, ജാതി സെൻസസ് നടപ്പാക്കും, എസ്‌സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരരും തുടങ്ങിയവയും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളാണ്.

കരാർ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും തുടങ്ങിയവ പത്രികയിൽ ഉൾപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം എല്ലാ ജാതികൾക്കും സമുദായങ്ങൾക്കും യാതൊരു വിവേചനവുമില്ലാതെ നടപ്പാക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസങ്ങൾ പാലിക്കാനുള്ള മൗലികാവകാശത്തെയും പാർട്ടി മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യും.

അഞ്ച് ഗ്യാരന്റികളിൽ ഊന്നിയുള്ളതാണ് പ്രകടനപത്രിക. ‘യുവ ന്യായ്’ (യുവാക്കൾക്കുവേണ്ടി), ‘നാരി ന്യായ്’ (സ്ത്രീകൾക്കുവേണ്ടി), ‘കിസാൻ ന്യായ്’ (കർഷകർക്കായി), ‘ശ്രമിക് ന്യായ്’ (തൊഴിലാളികൾക്കായി), ‘ഹിസ്സാദാരി ന്യായ്’ (നീതിക്കായി) തുടങ്ങിയവയാണ് അവ. ഇത്തരത്തിൽ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്.

Share This Post
Exit mobile version