Press Club Vartha

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നുതന്നെ തുടരുകയാണെന്ന് കെ എസ് ഇ ബി അറിയിച്ചു. ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. 10.82 കോടി യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച കേരളം ഉപയോഗിച്ചതെന്നും മാക്സിമം ഡിമാൻഡും 5364 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചിട്ടുണ്ടെന്നും കെ എസ് ഇ ബി വ്യക്തമാക്കി.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കായി നിർദേശങ്ങൾ പങ്കുവച്ചിരിക്കുകയാണ് വകുപ്പ്. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 നു ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരമെന്നും കെ എസ് ഇ ബി കൂട്ടിച്ചേർത്തു.

കൂടാതെ വൈകീട്ട് 6 മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണം എന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. ഇത്തരത്തിൽ സാമൂഹികാവബോധത്തോടെയുള്ള ഇടപെടൽ നമ്മെ ഊർജ്ജ സാക്ഷരരാക്കുകയും അതുവഴി കേരളം പരിസ്ഥിതി സൗഹൃദവും സുസ്ഥിരം വികസന സംസ്കാരവുമുള്ള മികച്ച സംസ്ഥാനമായി മാറുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Share This Post
Exit mobile version