Press Club Vartha

‘സേവ് അബ്ദുല്‍ റഹീം’ ക്യാമ്പയിൻ ലക്ഷ്യം കണ്ടു: മോചനത്തിന് ആവശ്യമായ തുക സമാഹരിച്ചു

ഫ​റോ​ക്ക്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്‍ദു​ൽ റ​ഹീ​മി​നെ രക്ഷിക്കാനായി ആരംഭിച്ച ‘സേവ് അബ്ദുല്‍ റഹീം’ ക്യാമ്പയിൻ ലക്ഷ്യം കണ്ടു. കോഴിക്കോട് സ്വദേശിയായ റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ട തുക ലഭിച്ചു. 34 കോടി രൂപയാണ് ദയാധനമായി നൽകേണ്ടത്. നിലവിൽ 34 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. ദയാധനം നൽകാൻ ഇനിയും മൂന്നു ദിവസമാണ് ബാക്കിയുള്ളത്. അതിനു മുന്നേ തന്നെ ആവശ്യമായ തുക കണ്ടെത്തിയ ആശ്വാസത്തിലാണ് കുടുംബം.

ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീം 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ്. 2006ലാണ് സംഭവം നടന്നത്. തന്റെ കുടുംബത്തെ കരയ്‌ക്കെത്തിക്കാനായി റഹീം പ്രവാസലോകത്തേക്ക് എത്തിയത്. എന്നാൽ അവിടെ മറ്റൊരു വിധിയാണ് റഹീമിനെ കാത്തിരുന്നത്.

ഡ്രൈവര്‍ വിസയിലെത്തിയ റഹീമിന് തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തിന്റെ സഹായത്താലാണ് ഫയാസിന് ആഹാരം നൽകിയിരുന്നത്. ഇതിനിടെ ഒരു ദിവസം ഫയാസിനെ കാറിൽ പുറത്തുകൊണ്ടു പോയ സമയത്ത് അറിയാതെ അബദ്ധത്തിൽ റഹീമിന്റെ കൈ ഫയാസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും ഉടൻ തന്നെ ഫയാസ് ബോധരഹിതനാകുകയും ചെയ്തു. തുടർന്ന് കുട്ടി മരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കുകയും ആയിരുന്നു. അറിയാതെ ചെയ്തു പോയ തെറ്റിൽ വധശിക്ഷാ കാത്തുകിടക്കുകയാണ് റഹീം. റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കുന്നതിനായി കുടുംബം പല വഴികളും നോക്കിയിരുന്നു. റഹീമിന്റെ മോചനത്തിനായി ഉന്നതതലത്തിൽ പലതവണ ഇടപെടലുണ്ടായെങ്കിലും ഫയാസിന്റെ കുടുംബം മാപ്പു നല്കാൻ തയ്യാറായില്ല. തുടർന്ന് നിരന്തരമായ ശ്രമത്തിനൊടുവിലാണ് 34 കോടി രൂപയുടെ ദയാധനം എന്ന ഉപാധിയിൽ കുടുംബം മാപ്പു നല്കാൻ തയ്യാറായത്.

ഇതേ തുടർന്ന് പണം സമാഹരിക്കുന്നതിനായി കുടുംബവും നാട്ടുകാരും ചേർന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. നിരവധി പ്രമുഖരും സഹായത്തിനായി എത്തിയിരുന്നു. ബോബി ചെമ്മണ്ണൂർ ഇതിനായി സംസ്ഥാന വ്യാപകമായി യാചക യാത്രയും സംഘടിപ്പിച്ചിരുന്നു. ഫറോക്ക് കോടമ്പുഴയിൽ രൂപംനൽകിയ സന്നദ്ധ കൂട്ടായ്മയാണ് ധനസമാഹരണം ഏകോപിപ്പിക്കുന്നത്. ഇതിനായി Save Abdul Rahim എന്ന പേരിൽ ആപ്പും ആരംഭിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഉൾപ്പെടെയുള്ള മാർഗങ്ങൾക്കു പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്. ഇതാണ് ഇപ്പോൾ ലക്ഷ്യം കാണുന്നത്.

Share This Post
Exit mobile version