അബുദാബി: യുഎഇയില്‍ കനത്ത മഴ. റെക്കോര്‍ഡ് മഴയാണ് ഇത്തവണ പെയ്തത്. യുഎഇയിൽ കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് തിങ്കളാഴ്ച മുതല്‍ ചൊവാഴ്ച രാത്രി വരെ ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ 142 മില്ലീമീറ്റർ മഴയാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്.
കനത്ത മഴയിൽ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. വീടുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും കടകളിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. കൂടാതെ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി.
പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്.