Press Club Vartha

വൈറല്‍ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: വൈറല്‍ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരള്‍ വീക്കത്തിന് കാരണമാകുന്ന വൈറസുകള്‍ ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി, ഇ എന്നിവയാണ്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വകഭേദങ്ങളായ ബി, ഡി,സി എന്നിവ പകരുന്നത് അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും ഉപകരണങ്ങളിലൂടെയും സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും ആണ്. ഹെപ്പറ്റൈറ്റിസ് എയും ഇയും പകരുന്നത് മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ്.

*ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍*

**തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

**നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

**ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും കഴിക്കുന്ന സമയത്തും കൈകള്‍ ശുചിയാണെന്ന് ഉറപ്പു വരുത്തുക.

**മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുക.

**ശൗചാലയത്തില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക.

**പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയ ഇടങ്ങളില്‍ പാചകം ചെയ്യുന്നവരും വിതരണക്കാരും യഥാസമയം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കുകയും രജിസ്‌ട്രേഷന്‍ പുതുക്കുകയും ചെയ്യേണ്ടതാണ്. രോഗ ലക്ഷണമുണ്ടെങ്കില്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയും രക്ത പരിശോധന നടത്തുകയും ചെയ്യണം.

**ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.

ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.

കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക.

രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്ന് മാത്രം സ്വീകരിക്കുക.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത് .

അശാസ്ത്രീയമായ രീതിയില്‍ ടാറ്റു ചെയ്യരുത്.

ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.

കാത്, മൂക്ക് എന്നിവ കുത്താനും പച്ച കുത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.

സിറിഞ്ചും സൂചിയും പുനരുപയോഗിക്കുകയോ, ഒരാള്‍ ഉപയോഗിച്ചത് മറ്റൊരാള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.

ലഹരിമരുന്ന് കുത്തിവയ്ക്കുന്ന സൂചിയും സിറിഞ്ചും പങ്കിടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി, ഡി പകരാന്‍ പ്രധാന കാരണമാകുന്നു.

രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും ചികിത്സ തേടുകയും ചെയ്യുക. രോഗസാദ്ധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും ഡി.എം.ഒ. നിര്‍ദ്ദേശിച്ചു.

Share This Post
Exit mobile version