ഡൽഹി: സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ വീണ്ടും ദേശിയ മാധ്യമങ്ങളിൽ പരസ്യം നൽകി പതഞ്ജലി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്ന് ഉൽപന്നങ്ങളുടെ പരസ്യം നൽകിയതിന് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ച് പരസ്യം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആദ്യം നൽകിയ പരസ്യം വളരെ ചെറുതാണ് എന്ന് കണ്ടെത്തിയ കോടതി ഗുരു രാംദേവും ആചാര്യ ബാല്‍കൃഷ്ണയും രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് വീണ്ടും വലിയ വലുപ്പത്തിൽ പരസ്യം നൽകിയിരിക്കുകയാണ്.
സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാൻ കഴിയാത്തതിന് കമ്പനിയെ പ്രതിനിധീകരിച്ച് നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നാണ് മാപ്പപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. യോഗ ഗുരു രാംദേവും പതഞ്ജലിയുടെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണയും ഒപ്പിട്ട മാപ്പപേക്ഷയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്നത്തെ ദേശിയ പത്രങ്ങളിലാണ് ഈ പരസ്യം പ്രസിദ്ധീകരിച്ചത്.
ആദ്യം നൽകിയ പത്രപരസ്യത്തിനെതിരെ രൂക്ഷമായിട്ടാണ് കോടതി വിമർശിച്ചത്. ക്ഷമാപണം നടത്താനായി പതഞ്ജലി പത്രത്തിൽ നൽകിയ പരസ്യത്തിന് വലിപ്പം പോരെന്നും, മൈക്രോസ്കോപ്പിലൂടെ നോക്കണോ എന്നും സുപ്രിം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളോടെ പതജ്ഞലി നൽകിയിരുന്ന പരസ്യത്തിന്റെ അത്രയും വലിപ്പത്തിലായിരിക്കണം മാപ്പുപറഞ്ഞുകൊണ്ടുള്ള പരസ്യമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് വലിയ വലുപ്പത്തിൽ പരസ്യം നൽകിയിരിക്കുന്നത്.