തിരുവനന്തപുരം: ദേശീയ പാത വികസനം അതിവേഗം മുന്നോട്ട് പോകുന്ന വേളയിൽ ആശങ്കയിൽ പള്ളിപ്പുറം നിവാസികൾ. പള്ളിപ്പുറത്ത് ഹൈവേ നിർമ്മാണത്തിനായി റോഡിന്റെ പകുതിയിലേറെ ഭാഗം മണ്ണിട്ട് പൊക്കിയിരിക്കുകയാണ്. ഇത് നിരവധി അപകടങ്ങൾക്കാണ് കാരണമാകുന്നത്. റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ യാതൊരു മുന്നറിയിപ്പ് ബോർഡുകളോ മറ്റു സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല.
ഇത് മൂലം രാത്രിയിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ മണ്ണ് തിട്ടയിൽ ഇടിച്ച് അപകടങ്ങൾ പതിവാകുകയാണ്. കൂടാതെ സർവീസ് റോഡ് പൂർത്തിയാക്കാതെ പ്രധാന റോഡിൽ മണ്ണിട്ട് അടച്ചതും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ അധികാരികൾ ആരും തന്നെ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനായി യാതൊന്നും ചെയ്യുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അപകടങ്ങൾ പതിവാകുന്നതിനെത്തുടർന്ന് നാട്ടുകാർ ചില ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ അപര്യാപ്തമാണ്.
പള്ളിപ്പുറം ഹൈ വേ നിർമാണം ആരംഭിച്ചത് മുതൽ നിരവധി പ്രതിസന്ധികളാണ് വന്നിട്ടുണ്ട്. അശാസ്ത്രീയമായിട്ടാണ് നിർമാണം നടക്കുന്നതെന്ന ആക്ഷേപം രൂക്ഷമാകുകയാണ്. നേരത്തെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പള്ളിപ്പുറം മുഴിത്തിരിയാവട്ടം മുതൽ ടെക്നോ സിറ്റിക്ക് സമീപം വരെ നിർമ്മിക്കുന്ന ഓട അശാസ്ത്രീയമായിട്ടാണ് നിർമ്മിക്കുന്നതെന്ന പരാതി ഉയർന്നിരുന്നു. ഈ നിർമ്മിക്കുന്ന ഓട അശാസ്ത്രീയമാണെന്നും ഇത് വെള്ളക്കെട്ട് ഭീഷണിക്ക് ഇടയാകുമെന്നാണ് പരാതിയിൽ പറയുന്നത്.