ഡൽഹി: കൊവിഡി-19 വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് കമ്പനി. പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെയാണ് വാക്സിൻ പിൻവലിച്ചത്. വാക്സിൻ നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്കയാണ് വാക്സിൻ പിൻവലിച്ചതായി അറിയിച്ചത്’.
ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. കൊവിഡ്-19 നുള്ള വാക്സിനുകളുടെ ലഭ്യത അധികമാണ്. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കൊവിഷീൽഡിനെ അപ്രസക്തമാക്കി. ഇതിനാലാണ് വാക്സിൻ പിൻവലിക്കുന്നതെന്ന് കമ്പനി അറിയിച്ചു. മാത്രമല്ല മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.
കുറച്ചു നാളുകൾക്ക് മുൻപ് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. യു കെയിൽ നിന്നാണ് ആദ്യം പരാതി ഉയർന്നത്. അവിടെ 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്നായിരുന്നു ആരോപണം. തുടർന്ന് കമ്പനി യുകെ ഹൈക്കോടതിയില്‍ വാക്സിന് പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. കൊവിഷീൽഡ് വാക്സീൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്.