Press Club Vartha

സംവരണം നൽകുന്നത് മതാടിസ്ഥാനത്തിലല്ല: മെക്ക

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശനത്തിലും മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്ത് സംവരണമില്ലെന്ന് മെക്ക സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. പി.നസീർ അഭിപ്രായപ്പെട്ടു. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന സംവരണം ഭരണഘടന വിഭാവന ചെയ്തിട്ടുള്ള സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഗണിച്ചിട്ടുള്ളതാണെന്നും മതാടിസ്ഥാനത്തിൽ നിലവിൽ രാജ്യത്ത് ഒരാൾക്കും സംവരണം ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

103 ആം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക ജാതിയിൽ പ്പെട്ടവർക്ക് മാത്രമായി 10% സംവരണമേർപ്പെടുത്തിയ നടപടി ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ലെ യു.പി.എസ് സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കസ്തുരി ഷാ, ഫാബി റഷീദ്, അഹ് റാസ്, തുടങ്ങിയ  ഉദ്യോഗാർത്ഥികൾക്ക് മെക്ക ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് പ്രൊഫ. ഡോ. എ. നിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പ്രൊഫ. ഇ അബ്ദുൽ റഷീദ് ആമുഖ പ്രഭാഷണം നടത്തി. ഡോ. വി. നൗഷാദ്, ഡോ. എസ്.എ. ഷാനവാസ്, ഡോ. സുലൈമാൻ , ഷെരീഫ്, സൈനുലാബ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Share This Post
Exit mobile version