Press Club Vartha

സ്വപ്നചിറകിലേറി തിരുവനന്തപുരത്തെ കുടുംബശ്രീ അംഗങ്ങൾ: ആദ്യമായി വിമാനത്തിൽ യാത്ര ചെയ്ത് അംഗങ്ങൾ

തിരുവനന്തപുരം: ആദ്യമായി വിമാനത്തിൽ യാത്ര ചെയ്തതിന്റെ ആഹ്ലാദത്തിലാണ് തിരുവനന്തപുരത്തെ കുടുംബശ്രീ അംഗങ്ങൾ. തിരുവനന്തപുരം നഗരസഭയുടെ 25 വാർഡുകൾ വീതം അടങ്ങുന്ന 4 കുടുംബശ്രീ എഡിഎസ് കമ്മിറ്റികളിൽ ആദ്യ 25 വാർഡുകൾ അടങ്ങുന്ന സിഡിഎസ് 1ആണ്‌ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്ക് ആകാശയാത്ര ഒരുക്കി ആഗ്രഹ സഫലീകരണം നടത്തിയത്.

ചെമ്പഴന്തി, കാട്ടായികോണം, ഉള്ളൂർ, ആക്കുളം,ഇടവക്കോട്, കരിക്കകം, തുടങ്ങിയ വാർഡുകളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളാണ് സ്വപ്നചിറകിലേറി പറന്നത്. 74 വയസ്സുള്ള വസന്തകുമാരി ഉൾപ്പെടെ 44 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ബാംഗ്ലൂർ നഗരത്തിലേക്ക് പറന്നുയർന്നത്. ടൂർ ഗോയെന്ന ടൂർ ഏജൻസിയുടെ പാക്കേജ് അനുസരിച്ച് ഒരാൾക്ക് 5900 രൂപ വീതം ചെലവഴിച്ചായിരുന്നു യാത്ര.

തിങ്കളാഴ്ച വെളുപ്പിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്. ബാംഗ്ലൂരിൽ ഇറങ്ങിയ സംഘം തുടർന്ന് ടൂർ ഏജൻസിയുടെ എ.സി ബസ്സിൽ ബാംഗ്ലൂർ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുകയും സന്ധ്യയോടെ ഷോപ്പിംഗ് നടത്തി, രാത്രിയിൽ ബാംഗ്ലൂരിൽനിന്ന് തിരിക്കുന്ന കന്യാകുമാരി ട്രെയിനിൽ തിരികെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് ഒരുമണിക്കാണ് സംഘം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തിയത്. ആദ്യ വിമാന യാത്ര ക്കൊപ്പം സംഘത്തിലെ കുറച്ചുപേർക്ക് ട്രെയിൻ യാത്രയും ആദ്യ അനുഭവമായിരുന്നു.

പാസ്പോർട്ടും വിസയും ഒന്നുമില്ലാതെ ഒരു ആധാർ കാർഡ് മാത്രം ഉപയോഗിച്ച് ഭക്ഷണ ചെലവ് ഉൾപ്പെടെ 6000 രൂപയ്ക്ക് താഴെ ഒരു വിമാനയാത്രയും ബാംഗ്ലൂരിൽ വിനോദയാത്രയും ആസ്വദിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു എല്ലാ കുടുംബശ്രീ അംഗങ്ങളും. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശശി, കോർപ്പറേഷൻ്റെ കുടുംബശ്രീ മെമ്പർ സെക്രട്ടറി ലേഖാ കുമാരി എന്നിവരാണു യാത്രക്ക് നേതൃത്വം നൽകിയത്.

Share This Post
Exit mobile version