
മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് വൻ കവർച്ച. മംഗലപുരത്തെ ഒരു വില്ലയിലാണ് കവർച്ച നടന്നത്. വില്ലയിൽ നിന്ന് 50 പവനോളം സ്വർണ്ണമാണ് കവർന്നത്. കൊല്ലം സ്വദേശി ഷിജിയുടെ വില്ലയിലാണ് മോഷണം നടന്നത്.
മംഗലപുരം നെല്ലിമൂടിലെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിലെ C 12 നമ്പരുള്ള വില്ലയിലാണ് സംഭവം നടന്നത്. ഷിജിയും കുടുംബവും ഈ വില്ലയിലെ സ്ഥിരം താമസക്കാരായിരുന്നില്ല. ഇവർ വല്ലപ്പോഴും മാത്രമാണ് ഇവിടെ വരുന്നത്. ഇന്നലെ വില്ലയിൽ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരമറിയിരിക്കുകയായിരുന്നു.
വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല തുറന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് നിഗമനം.
മൊത്തം 42 വില്ലകളാണ് ഇവിടെ ഉള്ളത്. മംഗലപുരം പോലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്കോഡും സ്ഥലത്ത് പരിശോധ നടത്തി. സുരക്ഷാ കവാടത്തിന് പുറമെ രാത്രിയും പകലും സുരക്ഷാ ഉദ്യോഗസ്ഥരും നിരവധി സിസി ക്യാമറകളും ഉള്ള സ്ഥലത്താണ് മോഷണം നടന്നത്. ഇവിടെ എങ്ങനെ കവർച്ച നടന്നു എന്നതാണ് പോലീസിനെ കുഴക്കുന്നത്. സ്ഥലത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു വരുന്നു.
