Press Club Vartha

നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 2024 ഫെബ്രുവരി 5-ാം തീയതി സഭയിൽ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന അതത് സബ്ജക്ട് കമ്മിറ്റികൾ നിർവ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ആകെ 28 ദിവസം ചേരാൻ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തിൽ ജൂൺ 11 മുതൽ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവച്ചിട്ടുള്ളത്.

സമ്മേളന കാലയളവിൽ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂൺ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികൾ നിർത്തിവച്ചുകൊണ്ട്, മെമ്പേഴ്‌സ് ലോഞ്ചിൽ വച്ച് 15-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. തുടർന്ന്, 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ അവതരിപ്പിക്കുന്നതും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കുന്നതുമാണ്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനിക്കും.

സമ്മേളനത്തിനിടയിൽ ജൂൺ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ലോക കേരള സഭയുടെ പ്രധാന വേദിയായ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വച്ച് നടക്കും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജൂലൈ 25 ന് സമ്മേളനം അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവിൽ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.

Share This Post
Exit mobile version