കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ വർധിക്കുന്നു. കുവൈത്തിലെ സ്വകാര്യ തൊഴിൽ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. നിലവിൽ മരണസംഖ്യ 41 ആയി. ഇതിൽ മലയാളികളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.
പൊള്ളലേറ്റും പുക ശ്വസിച്ചും കെട്ടിടത്തിൽ നിന്നും എടുത്തുചാടിയുമാണ് ആളുകൾ മരിച്ചതെന്നാണ് വിവരം. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.