Press Club Vartha

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കി

ഡൽഹി: രാഹുൽ ഗാന്ധി എംപിയുടെ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളും ഹിന്ദു പരാമർശവുമാണ് രേഖയിൽ നിന്ന് നീക്കിയതെന്നാണ് റിപ്പോർട്ട്‌.

രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സഭ രേഖകളിൽ ഇന്ന് പരാമർശങ്ങൾ ഒഴിവാക്കിയത്.

ഇന്നലെ രാഹുൽ ഗാന്ധി അതി രൂക്ഷമായിട്ടാണ് മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. പരമശിവന്റെ ചിത്രം ഉയർത്തിപിടിച്ചായിരുന്നു പരാമർശം. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നും എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് രാഹുൽ പറഞ്ഞത്.

അതെ സമയം രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പരാമർശിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് അഖിലേഷ് യാദവ് രം​ഗത്തെത്തി. രാഹുൽ​ ​ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്നാണ് അഖിലേഷ് യാദവ് പറയുന്നത്.

Share This Post
Exit mobile version