Press Club Vartha

ഐജെന്‍ ടോപ് 50 ആര്‍ക്കിടെക് പട്ടികയില്‍ ഇടം നേടി മലയാളി

കൊച്ചി: രാജ്യത്തെ നാല്‍പതു വയസില്‍ താഴെയുള്ള മികച്ച ആര്‍ക്കിടെക്ചര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ച് മലയാളിയായ യുവ ആര്‍ക്കിടെക് ജോസി പോള്‍. ആര്‍ക്കിടെക് ആന്‍ഡ് ഇന്റീരിയര്‍സ് ഇന്ത്യ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ബംഗളുരുവില്‍ നടന്ന ചടങ്ങില്‍ വെച്ച് ജോസി പോള്‍ ഏറ്റുവാങ്ങി. അങ്കമാലി എളവൂര്‍ നെല്ലിശേരി വീട്ടില്‍ പോളി ജോസിന്റെയും ലിംസി പോളിയുടെയും മകനായ ജോസി പ്രശസ്ത ആര്‍ക്കിടെക് ഹഫീസ് കോണ്‍ട്രാക്ടറുടെ മുംബൈയിലെ സ്ഥാപനത്തില്‍ അസോസിയേറ്റ് ആര്‍ക്കിടെക്കായി ജോലി ചെയ്യുകയാണ്. ഐ.ഇ.എസ്. എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബി.ആര്‍ക് പാസായ ജോസി 2018 ല്‍ ഹഫീസ് കോണ്‍ട്രാക്ടര്‍ക്കൊപ്പം ചേര്‍ന്നു. ജോലിക്കൊപ്പം തന്നെ കട്ടക്കിലെ പീലുമോഡി കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദാനന്തര ബിരുദവും നേടി.

നിരവധി പ്രശസ്തമായ നിര്‍മിതികളില്‍ ഹാഫിസ് കോണ്‍ട്രാക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 5.5 കോടി ചതുരശ്രയടിയില്‍ 60000 വീടുകള്‍ നിര്‍മിച്ച മുംബൈ സിഡ്കോ മാസ് ഹൗസിങ്, 115 ഏക്കറില്‍ 14000 വീടുകളുമായി റണ്‍വേ ഗാര്‍ഡന്‍സ്(1.8 കോടി ചതുരശ്രയടി), 135 ഏക്കറില്‍ 16000 വീടുകളുള്ള റണ്‍വേ മൈസിറ്റി, മുംബൈ ഡോംബിവ്ലിയിലെ യൂറോ സ്‌കൂള്‍, 30000പേരെ പുനരധിവസിപ്പിക്കുന്ന താനെ അര്‍ബന്‍ നവീകരണ പദ്ധതി എന്നിവ ജോസിയുടെ മേല്‍നോട്ടത്തിലാണ് നടപ്പിലാക്കുന്നത്.

Share This Post
Exit mobile version