Press Club Vartha

ചാന്തിപുര വൈറസ്; കുട്ടികളുൾപ്പടെ എട്ടുപേർ മരിച്ചു

അഹമമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധ പടരുന്നു. വൈറസ് ബാധയിൽ കുട്ടികൾ ഉൾപ്പടെ എട്ടു പേർ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചാന്തിപുര വൈറസാണ് ഇവരെ ബാധിച്ചിരിക്കുന്നത്. മരിച്ചവരിൽ ആറു പേരും കുട്ടികളാണ്.

15 പേരാണ് രോഗലക്ഷണവുമായി വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്. ഇതേ തുടർന്ന് ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത്.

പെട്ടെന്നുണ്ടായ പനി തലച്ചോറിനെ ബാധിച്ചാണ് കുട്ടികൾ മരിച്ചത്. ഇതേ തുടർന്ന് വൈറസ് ബാധയാണോ എന്ന് സംശയം തോന്നിയ ഡോക്ടർമാർ ഇവരുടെ രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. പൂനൈ വൈറോളജി ലാബിലാണ് രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്.

വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. ഗുജറാത്തിൽ നിന്നുള്ളവർ മാത്രമല്ല, രാജസ്ഥാനിൽ നിന്നുമുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണം. ഇവ തലച്ചോറിനെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.

1965 ൽ മഹാരാഷ്ട്രയിലെ ചാന്തിപുരയിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. ഇതുവരെ ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോ​ഗം പരത്തുന്നത്. മാത്രമല്ല മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്.

Share This Post
Exit mobile version