തിരുവനന്തപുരം: മുതലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ലെന്നും തങ്ങളെ ക്രൂരമായി അവഗണിക്കുന്നുവെന്നും മരണപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യങ്ങൾ ആരോപിച്ചത്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക ധനസഹായം, വീട്, വിദ്യാഭ്യാസചെലവ് എന്നിവ സർക്കാർ നിർവഹിക്കും എന്നാണ് മന്ത്രിമാർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ഇൻഷുറൻസ് തുകയല്ലാതെ മറ്റൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മരണപ്പെട്ടവരുടെ ബന്ധുക്കൾ പറയുന്നത്.
മുതലപൊഴിയിൽ ഇതുവരെ 78 പേരാണ് മരിച്ചത്. സർക്കാരിന്റെ നിരുത്തരവാദിത്വം കൊണ്ടാണ് ഇതു സംഭവിച്ചത്. ഇതിന്റെ ഉത്തരവാദിത്വം പൂർണമായും സർക്കാരിനാണ്. എന്നിട്ടും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ കാര്യം പോലും സർക്കാർ അന്വേഷിക്കുന്നില്ല.
മാത്രമല്ല ഇത്രയധികം ദുരന്തങ്ങൾ ഉണ്ടായിട്ടും മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നതാണ് സർക്കാരിന്റെ നയം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വാഗ്ദാനങ്ങൾ പാലിക്കുന്നതിനും സർക്കാർ തയ്യാറാകുന്നില്ല എങ്കിൽ കുടുംബാംഗങ്ങൾ അനിശ്ചിതകാല സമരം നടത്തുമെന്നും വാർത്താസമ്മേളനത്തിൽ ഇവർ അറിയിച്ചു.
2023 ജൂലൈ 10ന് മരണപ്പെട്ട കുഞ്ഞുമോൻ സിസിലിന്റെ ഭാര്യ മലാഷ, റോബിൻ എഡ്വിന്റെ ഭാര്യ ലതിക, ബിജു ആന്റണിയുടെ മകൾ ബിനില, 2022 ആഗസ്റ്റ് ഏഴിന് മരണപ്പെട്ട സഫീറിന്റെ ഉമ്മ സൽമ, ഷമീറിന്റെ ഉമ്മ താഹിറ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് തുടങ്ങിയവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.