Press Club Vartha

വിരമിക്കല്‍ പ്രഖ്യാപിച്ച് ഹോക്കി താരം പി ആര്‍ ശ്രീജേഷ്

കൊച്ചി: മലയാളികളുടെ അഭിമാനായ ഇന്ത്യൻ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. പാരിസ് ഒളിംപിക്‌സായിരിക്കും ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

2024 ജൂലൈ 26നാണ് പാരീസ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. 2006ലാണ് ശ്രീജേഷ് ഹോക്കിയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 328 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ് ഇപ്പോൾ നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത വ്യക്തിയാണ്. കൂടാതെ രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം;

എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്‍റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ൽ ടോക്കിയോയിൽ ഞങ്ങൾ നേടിയ ഒളിംപിക് വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എന്‍റെ അവസാന അങ്കത്തിന്‍റെ പടിക്കല്‍ നിൽക്കുമ്പോൾ, എന്‍റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി

https://www.facebook.com/share/p/XkW46SLp7tr7iLRy/

Share This Post
Exit mobile version