നേപ്പാൾ: നേപ്പാളിൽ വിമാനാപകടം. അപകടത്തിൽ 18 പേർ മരിച്ചതായി റിപ്പോർട്ട്. ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
രണ്ടു ജീവനക്കാർ ഉൾപ്പെടെ 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ വിമാനം പൂർണമായി കത്തിയമർന്നു. പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ അപകടം സംഭവിക്കുകയായിരുന്നു.
പൊലീസിന്റെയും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകട സ്ഥലം സന്ദർശിക്കുകയും അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്തു.