
കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1966-ൽ സി.പി.ഐ(എം) അംഗമായി പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ് ഭട്ടാചാര്യ 1968-ൽ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971-ൽ സി.പി.ഐ(എം) പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന് 1982-ൽ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1984-ൽ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ൽ കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000-ൽ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്‌തു.
