Press Club Vartha

നടന്മാരായ മണിയൻ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങി 7 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പോലീസ്

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗികാരോപണങ്ങളാണ് സിനിമ മേഖലയിൽ നിന്ന് പുറത്തുവരുന്നത്. ഇത് വരെ നടിയുടെ പരാതിയിൽ സിനിമ മേഖലയിലെ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

മരട് സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നടൻ മണിയൻപിള്ള രാജുവിനെതിരെ ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഫോർട്ട്‌ കൊച്ചി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.

ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് കേസ്. താരസംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുകേഷിനെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മരട് സ്റ്റേഷനിലാണ് മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോബിളിനെതിരെ പാലാരിവട്ടം പൊലീസും, വിച്ചുവിനെതിരെ നെടുമ്പാശ്ശേരി പൊലീസുമാണ് കേസെടുത്തത്.

കൂടാതെ കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയും കേസ് എടുത്ത്. ബലാൽസംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.

Share This Post
Exit mobile version