Press Club Vartha

റെറ രജിസ്ട്രേഷനില്ലാതെ ടൗൺഷിപ്പ് വികസനം: റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസിപ്പിച്ച് വില്ല, അപാർട്ട്മെന്റ് യൂണിറ്റുകൾ വില്ക്കുന്ന ‘റിയലൈൻ പ്രോപർട്ടീസ്’ എന്ന പ്രൊമോട്ടർക്ക് അതോറിറ്റി ഒരു കോടി രൂപ പിഴ വിധിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ലൈഫ് ലൈൻ ഗ്രീൻ സിറ്റി എന്ന പേരിൽ വില്ല, അപാർട്ട്മെന്റ് പദ്ധതികൾ സമൂഹമാധ്യമങ്ങളിലും പ്രൊമോട്ടറുടെ വെബ്സൈറ്റിലും വില്പനയ്ക്കായി പരസ്യപ്പെടുത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിൽ പ്രൊമോട്ടർക്ക് കെ-റെറ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ആഗസ്റ്റ് 16ന് നടന്ന വാദങ്ങൾക്കു ശേഷമാണ് പിഴ വിധിച്ചത്. ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനകം പദ്ധതി റെറയിൽ രജിസ്റ്റർ ചെയ്യാനും അതോറിറ്റി വിധിച്ചു. റെറ നിയമം ലംഘിച്ച് വികസന പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ടൗൺഷിപ്പിൽ നടക്കുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകാനും കോഴിക്കോട് ജില്ല രജിസ്ട്രാറോട് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കരാർ, ആധാര രജിസ്ട്രേഷനുകൾ നിർത്തി വയ്ക്കാനും അതോറിറ്റി നിർദ്ദേശിച്ചു.

Share This Post
Exit mobile version