Press Club Vartha

ആഭ്യന്തര വകുപ്പിലെ ആർ എസ് എസ് സ്വാധീനത്തെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണം: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായിയും മോഡിയും തമ്മിലുള്ള രഹസ്യ ധാരണയുടെ പ്രതിഫലനങ്ങളാണ് കേരളത്തിൽ സംഭവിക്കുന്നത്.

ഒന്നാം പിണറായി സർക്കാറിന്റെ പല ഘട്ടങ്ങളിലും ആർ എസ് എസിന്റെ നയങ്ങളാണ് ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്നതെന്ന് ഭരണപക്ഷ എം എൽ എ പറയുന്നതിനും മുൻപ് തന്നെ വെൽഫെയർ പാർട്ടി കേരളീയ പൊതുസമൂഹത്തോട് പറഞ്ഞിട്ടുണ്ട്.

ആർ എസ് എസ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിൽ നിരന്തരം ഇടപെടുന്നു എന്ന് വ്യക്തമായപ്പോൾ മലപ്പുറം ജില്ലയുടെ പേര് വംശീയമായി വലിച്ചിഴച്ച് വിഭാഗീയത സൃഷ്ടിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി തിരുവനന്തപുരം കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച “ആർ എസ് എസ് – പിണറായി – പോലീസ് കൂട്ടുകെട്ട് കേരളത്തെ സംഘപരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല” എന്ന തലക്കെട്ടിൽ ജനകീയ പ്രതിരോധ പൊതുയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യൻ മോഡൽ വംശീയ വിദ്ദ്വേഷത്തിന്റെ പൊതുബോധം സൃഷ്ടിച്ചെടുത്ത് മുസ്ലിം സമൂഹത്തെ പൈശാചികവൽക്കരിക്കുന്ന ഡീപ് സ്റ്റേറ്റ് കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങിയത് പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായതോടെയാണ്. പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിൽ രമൺ ശ്രീവാസ്തവ ഉപദേഷ്ടാവായി വന്നതും ഡിജിപി സ്ഥാനത്ത് ബഹ്‌റ സ്ഥാനമുറപ്പിച്ചതും ഡീപ് സ്റ്റേറ്റ്ന്റെ ഭാഗമായിട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തത്വമസി എന്ന പേരിൽ ആർ എസ് എസിന്റെ രഹസ്യ ഗ്രൂപ്പ് കേരള പോലീസിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം കമ്മ്യൂണിസ്റ്റ് ചാനൽ തന്നെ വെളിപ്പെടുത്തിയിട്ടും ആനി രാജയും കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു പറഞ്ഞിട്ടും അന്വേഷണം നടത്താനോ വേണ്ട നടപടികൾ സ്വീകരിക്കാനോ നാളിതുവരെ പിണറായി വിജയൻ സന്നദ്ധനായിട്ടില്ല.

എ ഡിജിപി അജിത് കുമാറിനെതിരെ തൃശൂർ പൂരം കലക്കി എന്നും ആർ എസ്സ് എസ്സ് നേതാക്കളെ കണ്ടുവെന്നും റിപ്പോർട്ട് വന്നിട്ടും എഡി ജി പി യെ സ്ഥാനത്തുനിന്ന് നീക്കാതെ സംരക്ഷിക്കുന്നത് ആർ എസ് എസ്സിന്റെ നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ കല്ലറ,ജില്ലാ ജനറൽ സെക്രട്ടറി മഹ്ബൂബ് ഖാൻ പൂവാർ, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ എം അൻസാരി, കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് ബിലാൽ വള്ളക്കടവ്, ജില്ലാ സെക്രട്ടറി ഷാഹിദ ഹാറൂൺ, കോർപ്പറേഷൻ കമ്മിറ്റി സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി പുത്തൻപള്ളി വാർഡ്‌ പ്രസിഡന്റ് ഇ എം റാഫി എന്നിവർ സംസാരിച്ചു.

Share This Post
Exit mobile version