Press Club Vartha

ജെന്‍ റോബോട്ടിക്സിന്‍റെ ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജിഗെയ്റ്ററിന് നാസ്കോം എമര്‍ജ് 50 അവാര്‍ഡ്

തിരുവനന്തപുരം: റോബോട്ടിക്സ്, എഐ മേഖലയിലെ മുന്‍നിര കമ്പനിയായ ജെന്‍ റോബോട്ടിക്സിന്‍റെ അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജിഗെയ്റ്ററിന് നാസ്കോം എമര്‍ജ് 50 അവാര്‍ഡ്.

കര്‍ണാടക ഇലക്ട്രോണിക്സ്, ഐടി/ബിടി, ഗ്രാമവികസന, പഞ്ചായത്ത് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, നാസ്കോം പ്രസിഡന്‍റ് രാജേഷ് നമ്പ്യാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബെംഗളൂരു താജ് വെസ്റ്റന്‍ഡ് ഹോട്ടലില്‍ നടന്ന നാസ്കോം ഫ്യൂച്ചര്‍ ഫോര്‍ജ്-2024 ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു.

സ്ട്രോക്ക്, സുഷുമ്നാ നാഡിയിലെ ക്ഷതം, മസ്തിഷ്കാഘാതം എന്നിവ കാരണം നടത്ത വൈകല്യമുള്ള രോഗികള്‍ക്ക് റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശീലനം നല്‍കുന്നതിനായി ജെന്‍ റോബോട്ടിക്സ് വികസിപ്പിച്ച സംവിധാനമാണ് ജിഗെയ്റ്റര്‍. എക്സോസ്കെലിറ്റണ്‍ അടിസ്ഥാനമാക്കിയുള്ള ജിഗെയ്റ്ററിലെ നടത്ത പുനരധിവാസത്തില്‍ നൂതന ജിപ്ലോട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഇന്ത്യയുടെ ടെക് ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്ന നൂതന സ്റ്റാര്‍ട്ടപ്പുകളെ അടയാളപ്പെടുത്തുന്ന നാസ്കോം എമര്‍ജ് 50 പുരസ്കാരം ഈ മേഖലയിലെ പ്രമുഖ അംഗീകാരങ്ങളിലൊന്നാണ്. ആരോഗ്യ, സാമൂഹിക മേഖലയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജിഗെയ്റ്റര്‍ ഉണ്ടാക്കിയ സ്വാധീനം പരിഗണിച്ചാണ് ജെന്‍ റോബോട്ടിക്സിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 1.8 ദശലക്ഷത്തിലധികം സ്ട്രോക്ക് കേസുകളും സ്ട്രോക്ക് സംബന്ധമായ വൈകല്യങ്ങളും സംഭവിക്കുന്നു. സുഷുമ്നാ നാഡിക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍, മറ്റ് ന്യൂറോളജിക്കല്‍ അവസ്ഥകള്‍ എന്നിവ കാരണവും ചലന വൈകല്യങ്ങള്‍ ഉണ്ടാകുന്നു. ഇതിന് ഫലപ്രദമായ പുനരധിവാസ പരിഹാരങ്ങള്‍ ഉണ്ടായിരുന്നില്ല. എഐ, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ജിഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതികവിദ്യ ഈ പ്രശ്നത്തിന് നൂതന പരിഹാരം നിര്‍ദേശിച്ചു. ഇതുവഴി രോഗികളെ വേഗത്തില്‍ സുഖം പ്രാപിക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ജി ഗെയ്റ്ററിനൊപ്പം പക്ഷാഘാത രോഗികളുടെ നടത്തത്തിലെ വിടവ് നികത്താനുള്ള ദൗത്യത്തിലാണ് തങ്ങളെന്ന് ജെന്‍ റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി ഡയറക്ടര്‍ അഫ്സല്‍ മുട്ടിക്കല്‍ പറഞ്ഞു. രോഗികളുടെ നടത്ത പരിശീലനം, മെച്ചപ്പെട്ട പുനരധിവാസ അനുഭവം എന്നിവ സൃഷ്ടിക്കുന്നതിന് റോബോട്ടിക്സും എഐയും വിപുലമായി പ്രയോജനപ്പെടുത്തുന്നു. റോബോട്ടിക് സഹായത്തോടെ രണ്ട് ദശലക്ഷത്തലധികം ചുവടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കാനായി. ഈ മേഖലയില്‍ ജെന്‍ റോബോട്ടിക്സിന് കൊണ്ടുവരാനായ മാറ്റം ഇതിലൂടെ വ്യക്തമാകും. കേരളത്തിലെ ആരോഗ്യമേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായി. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, തമിഴ്നാട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ നിന്ന് ജിഗെയ്റ്ററിനായുള്ള അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ ആശുപത്രികളിലെ പിഎംആര്‍ വകുപ്പുകളില്‍ മെച്ചപ്പെട്ട രോഗി പരിചരണവും പിന്തുണയും നല്‍കാന്‍ ജിഗെയ്റ്ററിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഗെയ്റ്ററിന്‍റെ സേവനം നിലവില്‍ കൊച്ചി അമൃത, അരീക്കോട് ആസ്റ്റര്‍ മദര്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം എസ്പി വെല്‍ഫോര്‍ട്ട്, കണ്ണൂര്‍ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി, തിരുവനന്തപുരം കിംസ്ഹെല്‍ത്ത് എന്നീ ആശുപത്രികളില്‍ വിജയകരമായി നടപ്പാക്കി. ആരോഗ്യപരിപാലന വിദഗ്ധരും പുനരധിവാസ വിദഗ്ധരും ജിഗെയ്റ്റര്‍ ഉള്‍പ്പെടുത്തിയ പുനരധിവാസ പ്രക്രിയയുടെ കാര്യക്ഷമത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിഗെയ്റ്ററിലൂടെ മെച്ചപ്പെട്ട രോഗികളുടെ ഫലങ്ങള്‍, നടത്ത വിശകലനത്തില്‍ മെച്ചപ്പെട്ട കൃത്യത എന്നിവ ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ജെന്‍ റോബോട്ടിക്സിന്‍റെ പരിശ്രമങ്ങള്‍ ഏറെ അംഗീകരിക്കപ്പെട്ടതാണ്. ആരോഗ്യ സംരക്ഷണം മുതല്‍ പ്രതിരോധ മേഖല വരെയുള്ള വ്യവസായങ്ങളിലുടനീളം മനുഷ്യന്‍റെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് റോബോട്ടിക്സും എഐയും പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മനുഷ്യരാശി നേരിടുന്ന വെല്ലുവിളികള്‍ക്ക് അര്‍ഥവത്തായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ജെന്‍ റോബോട്ടിക്സ് വ്യക്തമാക്കുന്നു.

Share This Post
Exit mobile version