Press Club Vartha

കേരളത്തിലെ മദ്രസകള്‍ സ്വയം പര്യാപ്തമെന്ന് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്

xr:d:DAEuqMJFKx4:2782,j:1305319826234472096,t:23090407

മലപ്പുറം: കേരളത്തിലെ മദ്രസ്സകള്‍ സ്വയം പര്യാപ്തമാണെന്നും ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സഹായത്താലല്ല ഇവ പ്രവര്‍ത്തിക്കുന്നതെന്നും കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്. കേന്ദ്ര ബാലാവകാശ കമ്മിഷന്റെ ഭാഗത്തുനിന്നും എന്തുകൊണ്ടാണ് മദ്രസ്സകളുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ക്ഷേമനിധി ബോര്‍ഡ് യോഗം വിലയിരുത്തി. കേരളത്തില്‍ ഇരുപത്തി ഏഴായിരത്തോളം മദ്രസ്സകളിലായി രണ്ടു ലക്ഷത്തില്‍ പരം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്.

ഇരുപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മദ്രസ്സകളിലൂടെ വിദ്യ അഭ്യസിക്കുന്നുണ്ട്. മതപഠനത്തോടൊപ്പം സാമൂഹ്യ പാഠങ്ങളിലും വിദ്യാര്‍ത്ഥികള്‍ അറിവ് നേടുന്നുണ്ട്. മദ്രസ്സ ബോര്‍ഡുകളുടെ സിലബസും പാഠ പുസ്തകങ്ങളും ബന്ധപ്പെട്ട ബോര്‍ഡുകളുടെ വെബ് സൈറ്റില്‍ പരിശോധനക്ക് വിധേയവുമാണ്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര ബാലാവകാശ കമ്മീഷന് കത്തയക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ ബോര്‍ഡുകളുടെ പ്രതിനിധികളുടെ യോഗം ഒക്ടോബര്‍ 19 ന് ശനിയാഴ്ച കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ക്കും. നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചെയര്‍മാന്‍ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. സി.ഇ.ഒ. പി എം ഹമീദ്, വൈസ് ചെയര്‍മാന്‍ ഹാരിസ് ബാഫഖി തങ്ങള്‍, ഉമ്മര്‍ ഫൈസി മുക്കം, ഇ. യാകുബ് ഫൈസി, പി.കെ മുഹമ്മദ് ഹാജി, സിദ്ദീഖ് മൗലവി അയിലക്കാട്, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍, ഒ.പി.ഐ കോയ, ഒ.ഒ ഷംസു എന്നിവര്‍ സംസാരിച്ചു.

Share This Post
Exit mobile version