Press Club Vartha

ജൈടെക്സ് ഗ്ലോബല്‍ 2024: സാങ്കേതിക നവീകരണത്തിന് സര്‍ക്കാരും വ്യവസായങ്ങളും പങ്കാളിത്തം ശക്തമാക്കണമെന്ന് കേരള ഐടി

തിരുവനന്തപുരം: ദുബായില്‍ നടന്ന ഏറ്റവും വലിയ അന്താരാഷ്ട്ര ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ജൈടെക്സ് ഗ്ലോബലിന്‍റെ 44 -ാമത് പതിപ്പില്‍ മികവ് തെളിയിച്ച് കേരളത്തിലെ ഐടി ആവാസവ്യവസ്ഥ. ആഗോള തലത്തില്‍ സാങ്കേതിക നവീകരണം ശക്തമാക്കുന്നതിന് സര്‍ക്കാരും വ്യവസായങ്ങളും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന ആശയം വെള്ളിയാഴ്ച്ച സമാപിച്ച സമ്മേളനത്തില്‍ കേരള പ്രതിനിധി സംഘം മുന്നോട്ട് വച്ചു.

സംസ്ഥാനത്തിന്‍റെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ മേന്മ പ്രകടമാക്കുന്നതായിരുന്നു ഒക്ടോബര്‍ 14 മുതല്‍ 18 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത കേരളത്തിലെ 30 കമ്പനികളുടേത്.

കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും തങ്ങളുടെ നൂതന ഉത്പന്നങ്ങളും പരിഹാരങ്ങളും ആഗോള സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മികച്ച വേദിയായി ജൈടെക്സ് ഗ്ലോബല്‍ 2024. ലോകമെമ്പാടുമുള്ള പ്രമുഖ സംരംഭകരില്‍ നിന്നുള്ള ബിസിനസ് ഇടപാടുകളും നിക്ഷേപവുമടക്കം നിരവധി അവസരങ്ങള്‍ ലഭ്യമാക്കാനായി.

2016 മുതല്‍ ജൈടെക്സ് ഗ്ലോബലില്‍ സ്ഥിരം സാന്നിധ്യമുള്ള കേരള ഐടി സുസ്ഥിര വികസനത്തിനും സാമൂഹിക ഉന്നമനത്തിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന ആശയമുള്‍ക്കൊള്ളുന്ന ‘പവറിംഗ് ഇന്നൊവേഷന്‍’ എന്ന പ്രമേയത്തില്‍ 110 ചതുരശ്ര മീറ്റര്‍ കേരള പവലിയന്‍ ഒരുക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റിയിലെ ഐടി ഫെല്ലോമാരായ വിഷ്ണു വി നായരും പ്രജീത്ത് പ്രഭാകരനും ജൈടെക്സില്‍ കേരള ഐടിയെ പ്രതിനിധീകരിച്ചു. ‘കേരളം- ദ നെക്സ്റ്റ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡെസ്റ്റിനേഷന്‍’ എന്ന വിഷയത്തില്‍ കേരളത്തിലെ ഐടി ആവാസ വ്യവസ്ഥയെ സംബന്ധിച്ച് പ്രജീത്ത് സംസാരിച്ചു.

ഡാറ്റാ അനലിറ്റിക്സ്, എഐ, സൈബര്‍ സുരക്ഷ, വെബ്സൈറ്റ് ഡെവലപ്മെന്‍റ്, ഇആര്‍പി സൊല്യൂഷനുകള്‍, മൊബൈല്‍ ആപ്പ് ഡെവലപ്മെന്‍റ്, ഡെവോപ്സ്, ക്ലൗസ് സേവനങ്ങള്‍ തുടങ്ങി നിരവധി സാങ്കേതിക മേഖലകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പന്നങ്ങളും മാതൃകകളും പ്രദര്‍ശിപ്പിച്ചു.

വ്യവസായ-അക്കാദമിക സഹകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ഉള്‍പ്പെടെ വികസനത്തിന്‍റെ നൂതന മാതൃകയാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഐടി ആവാസ വ്യവസ്ഥയുടെ ഉന്നമനം ലക്ഷ്യമിടുന്നു.

ജൈടെക്സ് ഗ്ലോബല്‍ 2024 ല്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ബിസിനസ് സൊല്യൂഷനുകളുടെ മുന്‍നിര ദാതാവായ ടെക്നോപാര്‍ക്കിലെ പ്രോംപ്ടെക് ഗ്ലോബല്‍ വിശാലമായ എഐ സാധ്യതകളുള്ള പ്രോംപ്ടെക് കണക്ട് ആപ്പ് പുനരവതരിപ്പിച്ചു. ബിസിനസ് കാര്യക്ഷമമാക്കുന്നതിനും ഉപഭോക്താക്കളുമായുള്ള ഇടപെടലുകള്‍ മെച്ചപ്പെടുത്താനും എഐ സവിശേഷതകള്‍ പ്രയോജനപ്പെടുത്താനും പുനരവതരണം സഹായകമാണ്.

കിംഗ്സ്റ്റണ്‍ ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിംഗ്സ്, ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഇന്‍ഡസ്ട്രി ഗ്രൂപ്പ്, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഷാര്‍ജ) എന്നിവയുടെ ചെയര്‍മാനായ ലാലു സാമുവല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി സിഇഒ ഷൈജു മോഹന്‍ദാസ്, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിലെ ബിസിനസ് ട്രാന്‍സ്ഫോര്‍മേഷന്‍ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് ജോസഫ് ക്ലീറ്റസ് എന്നിവര്‍ ആപ്പിന്‍റെ വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റം അവതരിപ്പിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബിസിനസ് ഡെവലപ്മെന്‍റ് മേധാവി അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ പങ്കെടുത്തു. പ്രോംപ്ടെക് കണക്ട് ആപ്പിന്‍റെ നൂതന പതിപ്പ് എഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സംരംഭങ്ങളെ സഹായിക്കുന്നതിനും നവീകരണം നടപ്പാക്കുന്നതിനുമുള്ള പ്രോംപ്ടെക്കിന്‍റെ സന്നദ്ധത പ്രകടമാക്കുന്നതാണെന്ന് വിഷ്ണു വി നായര്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എസ്എംഇ കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മികച്ച സേവനമാണ് നവീകരിച്ച ആപ്പിലൂടെ ലഭ്യമാക്കുന്നതെന്ന് പ്രോംപ്ടെക് ഗ്ലോബല്‍ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമായ എബി എബ്രഹാം പറഞ്ഞു.

മൂന്ന് ഐടി പാര്‍ക്കുകളും (ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്) ജിടെക്കിനൊപ്പം ചേര്‍ന്നാണ് കേരള ഐടി ഇക്കോസിസ്റ്റത്തിലെ ഐടി/ ഐടി ഇതര കമ്പനികളുടെ പ്രദര്‍ശനം ജൈടെക്സില്‍ സംഘടിപ്പിച്ചത്.

Share This Post
Exit mobile version