Press Club Vartha

കൂച്ച് ബെഹാര്‍: മഹാരാഷ്ട്ര 135 ന് പുറത്ത്; കേരളത്തിന് ലീഡ്

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയെ 135 റണ്‍സിന് കേരളം പുറത്താക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അക്ഷയ് എസ്.എസിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ 30 റണ്‍സിന്റെ ലീഡ് നേടി. കളി നിര്‍ത്തുമ്പോള്‍ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലാണ് കേരളം. അഹമ്മദ് ഖാന്‍, സൗരഭ്, അഹമ്മദ് ഇമ്രാന്‍, എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. സോളാപൂരിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം മഹാരാഷ്ട്രയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആദിത്യ ബൈജു, അഹമ്മദ് ഇമ്രാന്‍ എന്നിവരുടെ ബൗളിങ് മികവാണ് മഹാരാഷ്ട്രയെ ചെറിയ സ്‌കോറിന് പുറത്താക്കിയത്. സഹില്‍ നിഗാല്‍, നിരജ് ജോഷി,പാര്‍ത്, കാര്‍ത്തിക് ഷെവല്ലെ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. അഞ്ച് റണ്‍സ് എടുക്കുന്നതിനിടെ മഹാരാഷ്ട്രയുടെ ഓപ്പണിങ് ബാറ്റര്‍ നിരജ് ജോഷിയെ ആദിത്യ ബൈജു പുറത്താക്കിയാണ് കേരളം വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആദിത്യയുടെ പന്തില്‍ റോഹിത് ക്യാച്ചെടുത്താണ് നിരജ് പുറത്തായത്. തുടര്‍ന്നെത്തിയ സഹില്‍ നിലാഗിനെ അക്ഷയുടെ കൈകളിലെത്തിച്ച് ആദിത്യ തന്നെ പുറത്താക്കി.

സ്‌കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ മഹാരാഷ്ട്രയ്ക്ക് 103 റണ്‍സ് എത്തിയപ്പോള്‍ തുടരെ നഷ്ടമായത് രണ്ട് വിക്കറ്റുകളായിരുന്നു. അഹമ്മദ് ഇമ്രാന്റെ പന്തില്‍ പാര്‍ത്, കാര്‍ത്തിക് ഷെവലെ എന്നിവരാണ് പുറത്തായത്. അനുരാഗ്- കിരണ്‍ കൂട്ടുകെട്ടിന് മാത്രമാണ് അല്‍പമെങ്കിലും കേരളത്തിന്റെ ബൗളിങ് കരുത്തിന് മുമ്പില്‍ പിടിച്ച് നില്‍ക്കാനായത്. കേരളത്തിനായി ആദിത്യ ബൈജു 13 ഓവറില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും അഹമ്മദ് ഇമ്രാന്‍ എട്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റും കരസ്ഥമാക്കി. മുഹമ്മദ് ജസീല്‍ ഒരു വിക്കറ്റും നേടി. കേരളത്തിന് വേണ്ടി അഹമ്മദ് ഇമ്രാന്‍ 39 റണ്‍സും സൗരഭ് 21 റണ്‍സും നേടി. കളി നിര്‍ത്തുമ്പോള്‍ 125പന്തില്‍ 66 റണ്‍സുമായി അക്ഷയും 26 പന്തില്‍ ആറ് റണ്‍സുമായി തോമസ് മാത്യുവും ക്രീസിലുണ്ട്.

Share This Post
Exit mobile version