Press Club Vartha

പോത്തന്‍കോട് – മംഗലപുരം റോഡ്: 37 കോടിയുടെ നിര്‍മ്മാണ ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു : മന്ത്രി ജി.ആര്‍.അനില്‍

പോത്തന്‍കോട് : നെടുമങ്ങാട് – മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ പോത്തൻകോട് മുതൽ മംഗലാപുരം വരെയുള്ള 6.1 കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മാണത്തിനുള്ള ടെണ്ടറിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. 39.96 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തിക്കാണ് അംഗീകാരം ലഭിച്ചത്. നെടുമങ്ങാട് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ജില്ലയിലെ പ്രധാന റോഡാണ് പഴകുറ്റി – മംഗലപുരം റോഡ് നെടുമങ്ങാട് മുന്‍സിപ്പാലിറ്റി, ആനാട്, വെമ്പായം, മാണിയ്ക്കല്‍, പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡിന് 19.85 കിലോമീറ്റര്‍ നീളമാണുള്ളത്. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതിയ്ക്ക് 121.1 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചിരുന്നത്.

മൂന്ന് ഘട്ടമായി വികസിപ്പിക്കുന്ന ഈ റോഡില്‍ , ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്ന ഒന്നാമതു റീച്ച് പഴകുറ്റി മുതൽ കന്യാകുളങ്ങര മുക്കംപാലമൂട് വരെയാണ്. ഇനി രണ്ടാമത് നിര്‍മ്മാണം ആരംഭിക്കുന്നത് മൂന്നാമത്തെ റീച്ചായ പോത്തന്‍കോട് – മംഗലാപുരം ഭാഗമാണ് . എം.സി റോഡിനെയും എന്‍.എച്ച് 66 നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത് 13.6 മീറ്റര്‍ വീതിയില്‍ ആണ് വികസിപ്പിക്കുന്നത്. 10 മീറ്റര്‍ ടാറിംഗും 1.8 മീറ്റര്‍ വീതം ഇരുവശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്പേയ്സും ഉള്‍പ്പെടുത്തിയാണ് വികസിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പ്രവര്‍ത്തിയുടെ ആദ്യ ടെണ്ടര്‍ ചെയ്തെങ്കിലും ടെണ്ടറില്‍ ആരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ജൂൺ മാസത്തിൽ റീ ടെണ്ടര്‍ ചെയ്തു, രണ്ട് നിര്‍മ്മാണ കമ്പനികള്‍ ടെൻഡർ ക്വാട്ട് ചെയ്തു. ഇതില്‍ കുറഞ്ഞ ലേലമായ എസ്റ്റിമേറ്റ് തുകയെക്കാള്‍ 25.44 ശതമാനം തുക അധികം ക്വാട്ട് ചെയ്ത ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് 39.96 കോടി രൂപയ്ക്ക് വര്‍ക്കിന് അംഗീകാരം നല്‍കി.

ഈ റീച്ചിലെ സ്ഥലമേറ്റെടുപ്പിന് 9.46 കോടി രൂപയാണ് അനുവദിച്ചിരുന്നത്. റോഡ് നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനും വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവരുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉള്‍പ്പെടെ ഈ റീച്ചില്‍ 57.28 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് നടക്കുന്നത്. 247 കുടംബങ്ങളില്‍ നിന്നായി 66 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ മാസം തന്നെ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യും. ഡിസംബര്‍ മാസം നിര്‍മ്മാണം ആരംഭിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നതെന്നും സമയ ബന്ധിതമായി റോഡ് നിർമ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

Share This Post
Exit mobile version