Press Club Vartha

വയനാട് ഉരുൾപൊട്ടൽ; കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ പ്രക്ഷോഭം ആരംഭിക്കും; കെ സുധാകരൻ

തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്നത് കേരളത്തിന്റെ പൊതു ആവശ്യമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പറ്റില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെയും കേന്ദ്രസഹായം നിഷേധിച്ചതിനെതിരെയും കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും , ചൂരല്‍മരയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍. 450 ൽ അധികം മനുഷ്യരുടെ ജീവനെടുത്ത ആ പ്രകൃതിദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട ദുരന്തബാധിതരുടെ അതിജീവനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തമുഖം സന്ദര്‍ശിച്ച പ്രധാനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് പണം തടസ്സമല്ലെന്ന് ഉറപ്പ് നല്കിയിരുന്നു. എന്നിട്ട് ഇപ്പോള്‍ ഒരു രൂപപോലും അധികം നല്‍കില്ലെന്ന് പറയുന്നത് ചതിയാണ്. ബിജെപിക്ക് താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജുകള്‍ വാരിക്കോരി നല്‍കുന്ന മോഡി , രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കര്‍മ്മ ഭൂമിയായതിനാലാണ് വയനാടിനോട് അവഗണനയോടെ പെരുമാറുന്നതെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.

ദുരന്തം നടന്ന് നൂറുദിനം കഴിഞ്ഞിട്ടും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് ശബ്ദമില്ല. കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ ആനുകൂല്യം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാർ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപ ഇനിയും ചിലവഴിക്കാതെ കെട്ടിക്കിടക്കുന്നു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. ഈ തുക അടിയന്തരമായി ദുരിതബാധിതരെ സഹായിക്കുന്നതിനായി വിനിയോഗിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ സുധാകരൻ പറഞ്ഞു.

Share This Post
Exit mobile version