പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്ക് ശബരിമലയിൽ തുടക്കമായി. വൃശ്ചിക പുലരിയിൽ ഭക്തി നിർഭരമായി ശബരിമല. ആദ്യ ദിനം തന്നെ ശബരിമല സന്നിധിയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് നട തുറന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരിയാണ് ഇന്ന് നട തുറന്നത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്.
ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ ഭക്തർ ദർശനം നടത്താൻ ആരംഭിച്ചു. ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നട തുറന്ന് രാത്രി പതിനൊന്നിന് ഹരിവരാസനം പാടി നട അടയ്ക്കും.