Press Club Vartha

കൂച്ച് ബെഹാര്‍: കേരളം- ബിഹാര്‍ മത്സരം സമനിലയില്‍

തിരുവനന്തപുരം: കേരളവും ബിഹാറും തമ്മില്‍ നടന്ന കൂച്ച് ബെഹാര്‍ ട്രോഫി മത്സരം സമനിലയില്‍. കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 92 റണ്‍സിന്റെ ലീഡും ലഭിച്ചു. മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ബിഹാര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സില്‍ എത്തിയപ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു. ആറാമനായി ഇറങ്ങിയ പൃഥ്വിരാജാണ് രണ്ടാം ഇന്നിങ്‌സില്‍ ബിഹാറിന്റെ ടോപ് സ്‌കോറര്‍. 99 പന്തില്‍ നിന്ന് പൃഥ്വി 98 റണ്‍സ് കരസ്ഥമാക്കി. ബിഹാറിനായി സത്യം കുമാര്‍ 90 റണ്‍സും നേടി.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ അവസാന ദിനം ഇറങ്ങിയ ബിഹാറിന് ആദ്യം തന്നെ തൗഫിഖിനെ നഷ്ടമായി. തുടര്‍ന്നെത്തിയ സത്യം കുമാറിനെ(90) അല്‍ത്താഫ് പുറത്താക്കിയപ്പോള്‍ ദിപേഷ് ഗുപ്തയുടെ വിക്കറ്റ് മുഹമ്മദ് ഇനാനും വീഴ്ത്തി.

പൃഥ്വിയുടെ വിക്കറ്റ് തോമസ് മാത്യുവാണ് സ്വന്തമാക്കിയത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ (178) സെഞ്ച്വറി മികവിലായിരുന്നു കേരളം ലീഡ് നേടിയത്. അദ്വൈത് പ്രിന്‍സ്(84), അല്‍ത്താഫ്(43) എന്നിവരും കേരളത്തിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചു. സ്‌കോര്‍: ബിഹാര്‍-329,390/6. കേരളം-421.

Share This Post
Exit mobile version