കഴക്കൂട്ടം: പത്തനംതിട്ട ചുട്ടിപ്പാറ ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്. പോത്തൻകോട് അയിരൂപ്പാറ സ്വദേശിനിയാണ് മരിച്ച വിദ്യാർഥിനി. അന്വേഷണത്തിനു ഉത്തരവിട്ടതിനു പിന്നാലെ പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി. പത്തനംതിട്ട പൊലീസ് സംഘമാണ് പെൺകുട്ടിയുടെ വീട്ടിലെത്തി മാതാവിൻ്റെയും കുടുംബക്കാരുടെയും മൊഴിയെടുത്തത്.
ആയിരുപ്പാറ രാമപുരത്ത് പൊയ്കയിൽ ശിവം വീട്ടിൽ സജീവിൻ്റേയും രാധാമണിയുടെയും മകളാണ് അമ്മു എ സജീവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇടുപ്പിനും കാലിനും തുടയെല്ലിനും മാത്രമേ കാര്യമായ തകരാർ ഉള്ളൂ എന്നും
വിദഗ്ധ ചികിത്സയ്ക്ക് തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരും സഹപാഠികളും ചേർന്ന് അമ്മുവിനെ ആംബുലൻസിൽ കൊണ്ടുപോകും വഴിക്കാണ് മെഡിക്കൽ കോളേജിന് സമീപത്ത് വച്ച് മരണം സംഭവിക്കുന്നത്.
അതേ സമയം അപകടമറിഞ്ഞ മാതാപിതാക്കൾ ഗുരുതരമായ പരിക്ക് ഉള്ളതിനാൽ സാധാരണ ആംബുലൻസിൽ കൊണ്ടുപോകരുതെന്നും വെൻറിലേറ്റർ സൗകര്യമുള്ള ഐസിയു ആംബുലൻസിൽ കൊണ്ടുപോകണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാധാരണ ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു.
മാത്രമല്ല അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളിൽ നിന്നും മാനസിക പീഡനമുണ്ടായെന്നും സഹോദരൻ പറഞ്ഞിരുന്നു. പത്തനംതിട്ടയിലെ സ്വകാര്യ ഹോസ്റ്റലിലാണ് അമ്മു താമസിച്ചിരുന്നത്. ഒപ്പം പഠിക്കുന്ന വിദ്യാർഥികൾ നിരന്തരമായി അമ്മുവിനെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിതാവ് നേരത്തെ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.
അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നത്. വരുന്ന ഡിസംബറിൽ കോളേജിൽ നടത്തുന്ന ടൂർ പ്രോഗ്രാമിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്ററായി അമ്മുവിനെ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ചില കുട്ടികൾ രംഗത്തുവരികയും അതിനെ തുടർന്ന് അമ്മു അതിൽനിന്ന് പിൻമാറുകയും ചെയ്തിരുന്നു. കൂടാതെ ലോഗ് ബുക്ക് കാണാതെ പോയതിൽ അമ്മുവിനെ കുറ്റപ്പെടുത്തിയെന്നും അനുവാദം ഇല്ലാതെ മുറിയിൽ കയറി പരിശോധന നടത്തിയെന്നും ഇതിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിനെതിരെ അമ്മു പ്രിസിപ്പലിനു പരാതി നൽകിയിരുന്നു. അമ്മുവിനെ അപകടപ്പെടുത്തിയതെന്ന ഉറച്ച വാദത്തിലാണ് കുടുംബം.
സംഭവം നടക്കുന്ന ദിവസം വൈകുന്നേരം അമ്മു അച്ഛനെയും സഹോദരൻ അഖിലിനെയും വിളിച്ചിരുന്നുവെന്നും അമ്മു സന്തോഷത്തോടെ സംസാരിച്ചിരുന്നതായും കുടുംബം പറയുന്നുണ്ട്.
തിരുവന്തപുരം മെഡിക്കൽ കോളേജിലെ റിട്ടേർഡ് നഴ്സിംഗ് സൂപ്രണ്ടാണ് മാതാവ് രാധാമണി. പിതാവ് സജീവ് വളരെ നാളായി തിരുവനന്തപുരത്തെ ജിജി ആശുപത്രിക്ക് സമീപം അമ്മൂസ് സർജിക്കൽസ് ആൻഡ് മെഡിക്കൽസ് എന്ന സ്ഥാപനം നടത്തിവരുന്നയാളും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡൻ്റുമാണ്. മകളുടെ മരണത്തെ തുടർന്ന് മാനസികമായ സമനില തെറ്റിയ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.