Press Club Vartha

മെസ്സി വന്നാല്‍ പട്ടിണി മാറുമോ?: കെപിസിസി കായിക വേദി

തിരുവനന്തപുരം: അര്‍ജന്റീന്‍താരം ലേണല്‍ മെസ്സി കേരളത്തിലെത്തി പന്ത് തട്ടിയാല്‍ കായിക രംഗത്തെ പട്ടിണിമാറുമോയെന്ന് കായിക മന്ത്രി ആത്മപരിശോധന നടത്തണമെന്ന് ദേശീയ കായികവേദി സംസ്ഥാന പ്രസിഡന്റ് എസ് നജുമുദ്ദീന്‍. സംസ്ഥാനത്തെ സ്‌പോട്‌സ് ഹോസ്റ്റലുകളിലെ കുട്ടികളും പരിശീലകരും കഴിഞ്ഞ 9 മാസമായി മുഴുപട്ടിണിയിലാണ്.

നല്‍കാനുള്ള മുന്ന് കോടിരൂപ കുടിശ്ശിക തീര്‍ത്താല്‍ ഇവിടത്തെ പട്ടിണിമാറ്റാം. അതിന് മുതിരാതെ അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ അഞ്ചു കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊടിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ 8 വര്‍ഷത്തെ ഭരണം കൊണ്ട് നമ്മുടെ കായിക രംഗം തകര്‍ന്നു.

കായിക താരങ്ങളുടെയും പരിശീലകരുടെയും ക്ഷേമത്തിന് നല്‍കേണ്ട പണമാണ് ഇത്തരത്തില്‍ സര്‍ക്കാരിന്റെ പി.ആര്‍.പരസ്യത്തിന്റെ ഭാഗമായി പാഴാക്കി കളയുന്നത്. സര്‍ക്കാരിന്റെ അവഗണനയ്ക്കിടയിലും പട്ടിണി കിടന്നാണ് നമ്മുടെ താരങ്ങള്‍ കായികരംഗത്ത് മെഡലുകളും നേട്ടങ്ങളും സ്വന്തമാക്കുന്നത്. കായികരംഗത്തോടുള്ള ചിറ്റമ്മ നയം സര്‍ക്കാര്‍ അവസാനിപ്പിക്കണം.

സര്‍ക്കാരിന്റെ പ്രതിച്ഛായ നിര്‍മ്മിതിക്കുള്ള ഇത്തരം ചെപ്പടി വിദ്യ അവസാനിപ്പിക്കണമെന്നും കായിക താരങ്ങള്‍ക്കും പരിശീലകള്‍ക്കും നല്‍കാനുള്ള ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും എത്രയും വേഗം നല്‍കണമെന്നും നജുമുദ്ദീന്‍ ആവശ്യപ്പെട്ടു.

Share This Post
Exit mobile version