Press Club Vartha

കൂച്ച് ബെഹാര്‍ ട്രോഫിയിൽ അസമിന് വിജയം

ഗുവഹാത്തി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തെ തോല്പിച്ച് അസം. 225 റൺസിനായിരുന്നു കേരളത്തിൻ്റെ തോൽവി. 277 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 51 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹിമൻശു സാരസ്വതിൻ്റെ പ്രകടനമാണ് അസമിന് അനായാസ വിജയം ഒരുക്കിയത്. ഒരാൾ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.

രണ്ട് വിക്കറ്റിന് ഒൻപത് റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ പെട്ടെന്നുള്ള തകർച്ച അവിശ്വസനീയമായിരുന്നു. കൂടുതൽ റൺസ് കൂട്ടിച്ചേർക്കും മുൻപെ തന്നെ ഒരു റണ്ണെടുത്ത സൌരഭ് മടങ്ങി. ഇടയ്ക്ക് അഹമ്മദ് ഖാനും അഹമ്ദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ട് നിലയുറപ്പിച്ചെന്ന് തോന്നിച്ചു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി.

വെറും 22 റൺസിനിടെയാണ് കേരളത്തിൻ്റെ അവസാന ഏഴ് വിക്കറ്റുകൾ വീണത്. 21 റൺസെടുത്ത കാർത്തിക്കാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റെടുത്ത ഹിമൻശു സാരസ്വതിന് പുറമെ ആയുഷ്മാൻ മലാകറും നിഷാന്ത് സിംഘാനിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കളിയുടെ ആദ്യ ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹിമൻശു സാരസ്വത് രണ്ട് ഇന്നിങ്സുകളിലുമായി 77 റൺസും നേടിയിരുന്നു

Share This Post
Exit mobile version