Press Club Vartha

ഐ എഫ് എഫ് കെ; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ആന്‍ ഹുയിക്ക്

തിരുവനന്തപുരം: 29ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക് സമ്മാനിക്കും. ഡിസംബര്‍ 13ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

അരനൂറ്റാണ്ടുകാലമായി ഹോങ്കോങിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിന്റെ ആവിഷ്‌കാരങ്ങളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ് 77കാരിയായ ആന്‍ ഹുയി. ഹോങ്കോങ് നവതരംഗ മുന്നേറ്റത്തിന് സ്ത്രീപക്ഷ കാഴ്ചപ്പാട് പകര്‍ന്നു നല്‍കിയത് ആന്‍ ഹുയി ആണ്. ഏഷ്യന്‍ സംസ്‌കാരങ്ങളിലെ വംശീയത, ലിംഗവിവേചനം, ബ്രിട്ടീഷ് കോളനിയെന്ന നിലയില്‍നിന്ന് ചൈനയുടെ പരമാധികാരത്തിനു കീഴിലേക്കുള്ള ഹോങ്കോങിന്റെ ഭരണമാറ്റം ജനജീവിതത്തില്‍ സൃഷ്ടിച്ച പരിവർത്തനങ്ങൾ, കുടിയേറ്റം,സാംസ്‌കാരികമായ അന്യവത്കരണം എന്നിവയാണ് ആന്‍ ഹുയി സിനിമകളുടെ മുഖ്യപ്രമേയങ്ങള്‍.

29ാമത് ഐ.എഫ്.എഫ്.കെയില്‍ ആന്‍ ഹുയിയുടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിള്‍, എയ്റ്റീന്‍ സ്പ്രിങ്‌സ്, എ സിമ്പിള്‍ ലൈഫ്, ദ പോസ്റ്റ് മോഡേണ്‍ ലൈഫ് ഓഫ് മൈ ഓണ്‍ട് എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2020ല്‍ നടന്ന 77ാമത് വെനീസ് ചലച്ചിത്രമേളയില്‍ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. 1997ലെ 47ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ബെര്‍ലിനാലെ ക്യാമറ പുരസ്‌കാരം, 2014ലെ 19ാമത് ബുസാന്‍ മേളയില്‍ ഏഷ്യന്‍ ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ന്യൂയോര്‍ക്ക് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ സ്റ്റാര്‍ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ആന്‍ ഹുയിക്ക് ലഭിച്ചിട്ടുണ്ട്. ഹോങ്കോങ് ഫിലിം അവാര്‍ഡില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ആറു തവണ നേടിയ ഏക ചലച്ചിത്രപ്രതിഭയാണ് ആന്‍ ഹുയി.

Share This Post
Exit mobile version