Press Club Vartha

അരുണാചൽ പ്രദേശിനെതിരെ അനായാസ വിജയവുമായി കേരളം

അഹമ്മദാബാദ്: ദേശീയ സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് മികച്ച വിജയം. അരുണാചൽപ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തകർത്തത്. ആദ്യം ബാറ്റ് ചെയ്ത അരുണാചൽപ്രദേശ് 124 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 22-ാം ഓവറിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ താരം കൂടിയായ സജന സജീവൻ്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയമൊരുക്കിയത്. സജന തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അരുണാചൽ പ്രദേശിന് സ്കോർ നാല് റൺസിൽ നില്‍ക്കെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണെടുത്ത ഓപ്പണർ അഭി റണ്ണൌട്ടാവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ശിവി യാദവും കനികയും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ട് അവസാനിപ്പിച്ച് സജന സജീവനാണ് അരുണാചൽ ബാറ്റിങ്ങിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ശിവി യാദവ് 32ഉം കനിക 21ഉം റൺസെടുത്തു. തുടർന്നെത്തിയ ആർക്കും തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. വെറും മൂന്ന് റൺസിനിടെ നാല് വിക്കറ്റുമായി സജന കളം നിറഞ്ഞതോടെ അരുണാചൽ ഇന്നിങ്സിന് 124 റൺസിൽ അവസാനമായി. 9.3 ഓവറിൽ രണ്ട് മെയ്ഡനടക്കം 38 റൺസ് വിട്ടുകൊടുത്താണ് സജന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. വിനയയും അലീന സുരേന്ദ്രനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഷാനിയും വൈഷ്ണയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 45 റൺസ് പിറന്നു. 33 റൺസെടുത്ത ഷാനിയും 13 റൺസെടുത്ത വൈഷ്ണയും അടുത്തടുത്ത് പുറത്തായെങ്കിലും ദൃശ്യയും അഖിലയും ചേർന്ന് കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു. ഇരുവരും 35 റൺസ് വീതം നേടി പുറത്താകാതെ നിന്നു.

Share This Post
Exit mobile version