Press Club Vartha

ഐ എഫ് എഫ് കെ:‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ എക്സിബിഷന്റെ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: 29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്റെ ഉദ്ഘാടനം നാളെ. 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായിട്ടാണ് ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. ‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ എന്ന് പേരിട്ടിരിക്കുന്ന എക്സിബിഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ജേതാവ് ആന്‍ ഹുയി നിർവഹിക്കും. എക്സിബിഷൻ സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ക്യുറേറ്റ് ചെയ്തിരിക്കുന്നത്. കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിംഗുകൾ പ്രദർശനത്തിൽ ഉണ്ടായിരിക്കും. ക്യൂറേറ്റര്‍ ടി.കെ രാജീവ് കുമാര്‍, ചിത്രകാരന്‍ റാസി മുഹമ്മദ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

ഐ എഫ് എഫ് കയുടെ മറ്റൊരു ആകർഷണമാണ് ഹോമേജ് വിഭാഗം. മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുക എന്ന ലഖ്യത്തോടെയാണ് ഹോമേജ് വിഭാഗം സംഘടിപ്പിക്കുന്നത്. ഹോമേജ് നാളെ വൈകീട്ട് ആറു മണിക്ക് നിള തിയേറ്ററില്‍ സംഘടിപ്പിക്കും. ഈയിടെ വിട്ടുപിരിഞ്ഞ മോഹന്‍, ഹരികുമാര്‍, കവിയൂര്‍ പൊന്നമ്മ, ചെലവൂര്‍ വേണു, നെയ്യാറ്റിന്‍കര കോമളം തുടങ്ങിയവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും. ഇതോടൊപ്പം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ഹോമേജ് വിഭാഗത്തിൽ നാല് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കമല്‍, സിബി മലയില്‍, ടി.വി ചന്ദ്രന്‍, കെ.ജയകുമാര്‍ ഐ.എ.എസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും.

Share This Post
Exit mobile version