ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ താരം റിമാന്‍ഡിലായിരുന്നു. ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷമാണ് അല്ലു അര്‍ജുന്‍ പുറത്തിറങ്ങുന്നത്.
ജയിൽമോചിതനായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് ജൂബിലി ഹിൽസിലെ വസതിയിൽ വച്ച് നടനെ ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് തെലുങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
”മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നില്‍ക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി” എന്നും അല്ലു അർജുൻ പറഞ്ഞു.