Press Club Vartha

കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

തിരുവനന്തപുരം: തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു. കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനോടുവിൽ എത്തിച്ചേർന്നത് ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാൻ വേണ്ടിയാണെന്നത് ഏറെ സന്തോഷം നൽകുന്നു – ആൻ ഹുയി പറഞ്ഞു.

തിരക്കഥാകൃത്തും അഭിനേത്രിയും കൂടിയായ ആൻ ഹുയി സംവിധാന മികവുകൊണ്ടും പ്രമേയങ്ങൾ കൊണ്ടും സിനിമാരംഗത്തു ശ്രദ്ധനേടിയിട്ട് 40 വർഷം കഴിഞ്ഞു. ഈ കാലയളവിൽ ഹോങ്‌കോങ്ങിന്റെ ചരിത്രവും, പലായനവും കുടിയേറ്റവുമെല്ലാം ആൻ ഹൂയി സിനിമകൾക്ക് ആധാരമായിട്ടുണ്ട്. എങ്കിലും സിനിമയ്ക്കുണ്ടായ മാറ്റങ്ങൾക്കൊപ്പം തനിക്കെത്താൻ കഴിഞ്ഞിട്ടില്ല എന്നു സംവിധായിക പറഞ്ഞു. സയൻസ് ഫിക്ഷൻ, ഹോളിവുഡ്, ത്രില്ലർ എന്നിങ്ങനെ എണ്ണമറ്റ വിഭാഗങ്ങളിലേക്കു സിനിമ ചേക്കേറുകയാണ്. കേവലം സാമ്പത്തിക ലാഭവും പ്രേക്ഷകന്റെ സന്തോഷവും മാത്രം കണക്കിലെടുത്താണ് സിനിമകൾ അധികവും ജനിക്കുന്നത്. വാണിജ്യ സിനിമകൾക്കിടയിൽ ആർട്ട് സിനിമകൾക്കുള്ള സ്വീകാര്യത കുറഞ്ഞു വരുന്നുവെന്നും ആൻ ഹുയി അഭിപ്രായപ്പെടുന്നു.

കാലത്തിനും മനുഷ്യർക്കും അവരുടെ സ്വഭാവ രീതികൾക്കും ഉണ്ടാകുന്ന മാറ്റങ്ങൾ തന്റെ തന്നെ ടെലിവിഷൻ ഡ്രാമകളിൽനിന്നു മനസിലാക്കാൻ കഴിയുന്നുണ്ട്. സിനിമകൾ ചരിത്രത്തെ സംരക്ഷിക്കുകയാണ്. ചെറുപ്പത്തിൽ രാഷ്ട്രീയത്തെ വിലക്കപ്പെട്ട കനിയായി കണ്ടിരുന്നെങ്കിലും രാഷ്ട്രീയബോധം ഇല്ലാതെ നിലനിൽപ്പസാധ്യമാണെന്നു കാലക്രമേണ മനസിലായി. സ്ത്രീ എന്ന സ്വത്വത്തിൽ നിന്നുകൊണ്ട് ചിന്തിക്കാനും ലോകത്തെ കാണാനും ശ്രമിച്ചിരുന്നു. ഇന്നു സ്ത്രീപക്ഷ സിനിമകൾ കൂടി വരുകയാണ്. ആ സിനിമകളിൽ വ്യത്യസ്തത തിരയുകയാണ് താനെന്നും സംവിധായിക കൂട്ടിച്ചേർത്തു.

കാലാനുസൃതമായി സമൂഹവും സിനിമയും മാറുകയാണ്. സിനിമയിലൂടെ സംവിധായകർ ആ മാറ്റങ്ങളെ തുറന്ന് കാട്ടുകതന്നെ വേണം – ആൻ ഹുയി വ്യക്തമാക്കി.

Share This Post
Exit mobile version