Press Club Vartha

ഡെലിഗേറ്റുകളുടെ ഫാഷൻ ട്രെൻഡുകളും ഐ എഫ് എഫ് കെ വേദികളിൽ ചർച്ച വിഷയമാണ്

തിരുവനന്തപുരം: വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഐ എഫ് എഫ് കെയിലെ ഫാഷൻ ട്രെൻഡുകൾ. മാറുന്ന കാലത്തോടൊപ്പം പഴമയും പുതുമയും വിളിച്ചോതുന്ന രീതിയിലുള്ള ഫാഷൻ ട്രെൻഡുകൾ ഇവിടെ കാണാൻ കഴിയും. ഒരു ഭാഗത്ത് പക്കാ നാട്ടിൻപുറം സ്റ്റൈൽ ആണേൽ മറു വശത്ത് നോക്കിയാൽ ഇതുവരെ കാണാത്ത തരത്തിലുള്ള ട്രെൻഡ് സെക്ടറാകും.

വ്യത്യസ്ത കോണുകളിൽനിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽനിന്നു ഫാഷന്റെ മാറുന്ന മുഖങ്ങൾ കണ്ടെത്താനാകും. പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന ഒരു ഉപാധി കൂടിയാണ് അവർക്കു ഫാഷൻ.

ഫാഷൻ സെൻസിൽ പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും വെറൈറ്റിയായി എത്താൻ ശ്രമിക്കാറുണ്ട്. സ്ത്രീകൾ അവരുടെ വസ്ത്രധാരണത്തിലും ആഭരണങ്ങളിലും വ്യത്യസ്ത കൊണ്ടുവരുമ്പോൾ പുരുഷന്മാർ ആകട്ടെ അവരുടെ താടിയും മുടിയും ഒക്കെ പലവിധത്തിൽ സെറ്റ് ചെയ്ത് വ്യത്യസ്തമാകാൻ ശ്രമിക്കാറുണ്ട്.

ഐഎഫ്എഫ്‌കെ ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറ്റവും ഉതകുന്ന വേദിയായി മാറുന്നതായി കോഴിക്കോടുനിന്നുള്ള മോഡലിംഗ് സ്ഥാപനം നടത്തുന്ന റിയ പറയുന്നു. മേളയിൽ പങ്കെടുക്കാനെത്തിയ വിദേശികളായ മൂന്നംഗസംഘത്തെ അദ്ഭുതപ്പെടുത്തിയത് ബോളിവുഡ് ഫാഷൻ ഇവിടെ കാണാനായി എന്നതാണ്.

മേളയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാഞ്ചി എന്ന സ്റ്റാളിന്റെ ഉടമയായ തിരുവനന്തുപുരത്തുനിന്നുള്ള നിമിഷക്ക് അവനവനിണങ്ങുന്നതാണ് ഫാഷൻ. കാഞ്ചീപുരം സാരി വിൽക്കാൻ ഉദ്ദേശിച്ചിരുന്ന നിമിഷക്ക് ഐ.എഫ്.എഫ്.കെ. അതിനുതകുന്ന വേദി ആയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം തന്നെ സാരി ആണ് ഏറ്റവുമധികം വിറ്റഴിഞ്ഞതെന്നത് അത്ഭുതമായിരുന്നു. പാരമ്പര്യവും ആധുനികതയും കലർത്തിയ ഫാഷനാണ് പലപ്പോഴും ഐ.എഫ്.എഫ്.കെയുടെ മുഖ്യാകർഷണമെന്നും നിമിഷ പറഞ്ഞു.

Share This Post
Exit mobile version