Press Club Vartha

മുതലപ്പൊഴി ഡ്രെഡ്ജിംഗ് പ്രവൃത്തി മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കും

തിരുവനന്തപുരം: മുതലപ്പൊഴിയുടെ ആഴം വർദ്ധിപ്പിക്കുന്നതിനായി ഡ്രെഡ്ജിംഗ് പ്രവൃത്തി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചിട്ടുണ്ടെന്നും കരാർ ഉറപ്പിച്ച് പ്രവൃത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകട പരമ്പരയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, ന്യൂനപക്ഷ കമ്മീഷൻ ജില്ലാ സിറ്റിങ്ങിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തദ്ദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിട്ടുള്ള ഹാർബറിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി താഴംപള്ളി പെരുമാതുറ ഭാഗങ്ങളിലെ ടോയ്‌ലറ്റ് ബ്ലോക്ക് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. ഡ്രെഡ്ജിംഗ് പ്രവൃത്തി നടപ്പിലാക്കുന്നതിനായി അദാനി പോർട്ട്‌സ് കൊണ്ടുവന്ന് അപകടസ്ഥിതിയിൽ തുടർന്നിരുന്ന രണ്ട് ബാർജുകളും ചാനലിൽ നിന്നും നീക്കം  ചെയ്തിട്ടുണ്ട്.

പൊളിച്ചുമാറ്റിയ തെക്കേ പുലിമുട്ട് പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. ഇതിനാൽ കായലിൽ നിന്നും കടലിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുകയും മണ്ണ് അടിയുന്നത് കുറയുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച കമ്മീഷൻ, തൽസ്ഥിതിയുടെ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ ഹാജരാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.

2015-ലെ കരമന-കളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ട് കരമന മുസ്ലീം ജമാ അത്തിന്റെ അധീനതയിലുള്ള പാപ്പനംകോട് നമസ്‌കാര പള്ളിയും അതിനോടനുബന്ധിച്ചുള്ള ഖബർസ്ഥാനും പൊളിച്ചുമാറ്റിയെങ്കിലും സ്ട്രക്‌ചെറൽ വാല്യു ലഭിച്ചില്ലെന്ന ജമാ അത്ത് ഭാരവാഹികളുടെ പരാതിയിന്മേൽ പരാതിക്കാരെ നേരിൽ കേട്ട് പരിഹാര നടപടികൾ സ്വീകരിക്കാൻ എതിർകക്ഷിക്ക് കഴിഞ്ഞ സിറ്റിംഗിൽ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. കമ്മീഷൻ നിർദ്ദേശ പ്രകാരം എതിർകക്ഷിയായ ജില്ലാ കളക്ടർ പരാതിക്കാരുമായി ചർച്ച നടത്തുകയും സ്ട്രക്‌ചെറൽ വാല്യുവായ 4,19,284  ജമാ അത്തിന് കൈമാറുന്നതിന് സർക്കാരിൽ നിന്നും നിർദ്ദേശം തേടിയിട്ടുണ്ടെന്ന വിവരം കമ്മീഷനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ അവസാനിപ്പിച്ചു.

കുടുംബ വഴക്കിനെ തുടർന്ന് മാതാവ്, കുട്ടികളെ അന്യായമായി തടങ്കലിൽ വെച്ച് ഉപദ്രവിക്കുന്നുവെന്ന പിതാവിന്റെ പരാതിയിന്മേൽ കമ്മീഷൻ ഇടപെടലിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല പിതാവിന് നൽകി.

ജില്ലാ സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്ന സിറ്റിം​ഗിൽ. കമ്മീഷൻ ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 9746515133 എന്ന നമ്പരിൽ വാട്ട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.

Share This Post
Exit mobile version