Press Club Vartha

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖമാകാന്‍ ഒരുങ്ങി പൊഴിയൂര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ തീരദേശ വികസനത്തിന്റെ മുന്നേറ്റത്തിന് കരുത്തായി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖം പൊഴിയൂരില്‍ യാഥാര്‍ത്ഥ്യമാകുന്നു. പ്രദേശവാസികളുടെ നീണ്ടകാലത്തെ സ്വപ്‌നമാണ് പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയാകുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഏത് കാലാവസ്ഥയിലും വള്ളമിറക്കാന്‍ കഴിയുന്ന ആധുനിക മത്സ്യബന്ധന തുറമുഖമാകും പൊഴിയൂര്‍.

തമിഴ്‌നാട് തീരത്ത് പുലിമുട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് കൊല്ലംകോട് മുതലുള്ള ഒരു കിലോമീറ്ററോളം ദൂരം കടല്‍കയറി വള്ളം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനുപുറമെ കാലാവസ്ഥാ വ്യതിയാനവും മത്സ്യബന്ധനത്തിന് ദൂരസ്ഥലങ്ങളില്‍ പോകേണ്ടിവരുന്നതും മൂലം തൊഴിലാളികള്‍ക്ക് അധിക ചെലവും തൊഴില്‍ ദിനങ്ങളില്‍ നഷ്ടവും സംഭവിക്കാറുണ്ട്. ഇതിനൊരു പരിഹാരമാണ് പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖം.

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചെലവ് 343 കോടി രൂപയാണ്. തുറമുഖത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിരുന്നു. പൊഴിയൂര്‍ തീരം സംരക്ഷിക്കുന്നതിന് അടിയന്തിരമായി മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കേണ്ടതിനാല്‍ ആദ്യഘട്ടമായി പ്രധാന പുലിമുട്ട് വരുന്ന ഭാഗത്ത് 65 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. ഈ പ്രവൃത്തിയിൽ 16000 ടൺ കല്ലുകളും അഞ്ച് ടൺ ഭാരമുള്ള 610 ടെട്രാപോഡുകളും ഉപയോ​ഗിക്കുന്നുണ്ട്. മണ്‍സൂണിന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ തന്നെ ചെറുതും വലുതുമായ വള്ളങ്ങള്‍ക്കായി 200 മീറ്റര്‍ വീതിയില്‍ ഹാര്‍ബര്‍ നിര്‍മിക്കും. രണ്ടാം ഘട്ടത്തില്‍ ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കൂടി തുറമുഖത്ത് വരാൻ സൗകര്യമൊരുക്കും. 300 മീറ്റര്‍ കടലിലേയ്ക്ക് ഇറങ്ങിനിൽക്കുന്ന തരത്തിലാണ് തുറമുഖം രൂപകല്‍പന ചെയ്തിരിക്കുന്നത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും 2.5 കിലോമീറ്റര്‍ മാറി പൊഴിയോട് അടുത്തായുള്ള പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖം കൊല്ലംകോട് മുതല്‍ അടിമലത്തുറ വരെയുള്ള 25000 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമാകുന്നതാണ്. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളില്‍ രണ്ടാമതായി പൊഴിയൂര്‍ മാറും.

 

Share This Post
Exit mobile version