
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഏകദേശം അൻപതോളം പേർ സംഭവം നടന്ന സമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നിരവധിപേർ തുരങ്കത്തിൽ നിന്ന് പുറത്തുകടന്നു. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.
തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.